കേരള വനിതാ കമ്മീഷൻ സംഘടിപ്പിക്കുന്ന ‘പറന്നുയരാം കരുത്തോടെ’ സംസ്ഥാനതല ക്യാമ്പയിന്റെ ഉദ്ഘാടന നടന്നു
തിരുവനന്തപുരം : സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യമാണ് ശാക്തീകരണത്തിൽ ഏറ്റവും പ്രധാനമെന്ന് നടി മഞ്ജു വാര്യർ. വിവാഹം ഒന്നിന്റെയും അവസാന വാക്കല്ലെന്ന് പെൺകുട്ടികൾ തിരിച്ചറിയുന്നതാണ് ഇന്നത്തെ വലിയ മാറ്റമെന്നും താരം പറഞ്ഞു. കേരള വനിതാ കമ്മീഷൻ സംഘടിപ്പിക്കുന്ന ‘പറന്നുയരാം കരുത്തോടെ’ എന്ന സംസ്ഥാനതല ക്യാമ്പയിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മഞ്ജു വാര്യർ. ജെസിബി മുതൽ ലോറി വരെ ഓടിക്കുന്ന സാധാരണക്കാരായ സ്ത്രീകളുടെ ജീവിതത്തിലെ പോരാട്ടങ്ങളാണ് തനിക്ക് ഏറ്റവും വലിയ പ്രചോദനം.
വിവാഹം കഴിക്കണോ വേണ്ടയോ എന്നത് സ്വന്തം തീരുമാനമായിരിക്കണമെന്ന് വിശ്വസിക്കുന്ന പെൺകുട്ടികൾക്ക് പൂർണ്ണ പിന്തുണ നൽകുന്ന മാതാപിതാക്കളെ കാണുന്നത് സന്തോഷകരമാണ്. കഠിനാധ്വാനത്തിലൂടെയും സ്വയം അപ്ഡേറ്റ് ചെയ്യുന്നതിലൂടെയും മാത്രമേ ലക്ഷ്യങ്ങളിലെത്താൻ സാധിക്കൂ എന്നും ക്യാമ്പയിന്റെ ബ്രാൻഡ് അംബാസിഡർ കൂടിയായ മഞ്ജു വാര്യർ ഓർമ്മിപ്പിച്ചു. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടന്ന ചടങ്ങിൽ ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് ക്യാമ്പയിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വിദ്യാഭ്യാസ മേഖലയിൽ സ്ത്രീകൾ മുന്നിലാണെങ്കിലും തൊഴിൽ രംഗത്തെ പങ്കാളിത്തം വർദ്ധിപ്പിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്ത്രീകളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനായി സംസ്ഥാന വ്യാപകമായി സ്കില്ലിംഗ് പ്രോഗ്രാമുകളും ബോധവൽക്കരണ പരിപാടികളും ക്യാമ്പയിന്റെ ഭാഗമായി നടക്കും.