കണ്ണൂർ ക്ഷേത്രോത്സവത്തിനിടെ ഗണഗീതം പാടി; സ്റ്റേജിൽ കയറി പാട്ട് നിർത്തിച്ച് സിപിഎം പ്രവർത്തകർ
കണ്ണൂർ : കണ്ണാടിപറമ്പ് ശ്രീ മുത്തപ്പൻ ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേളയിൽ ആർഎസ്എസ് സ്തുതിഗീതം പാടിയത് വിവാദമാകുന്നു. സംഭവത്തിന് പിന്നിൽ ആർഎസ്എസ് അജണ്ട നടപ്പാക്കാനുള്ള ബോധപൂർവ്വ മായ നീക്കമാണെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ രംഗത്തെത്തി. തൃശൂർ പാട്ട് ഫാമിലി അവതരിപ്പിച്ച ഗാനമേളയ്ക്കി ടെയായി രുന്നു ആർഎസ്എസ് സ്തുതിഗീതം ആലപിച്ചത്. തിങ്കളാഴ്ച വൈകീട്ട് നടന്ന പ്രതിഷ്ഠാദിന മഹോത്സവത്തോട് അനുബന്ധിച്ചുള്ള പരിപാടിക്കിടെയാണ് സംഭവം. ഗാനമേളയിൽ ആർഎസ്എസിന്റെ സ്തുതിഗീതം പാടി തുടങ്ങിയതോടെ സിപിഐഎം പ്രവർത്തകർ പ്രതിഷേധവുമായി വേദിയിലേക്ക് കയറി. ഇതിനെ തുടർന്ന് തർക്കമുണ്ടായി. രാഷ്ട്രീയഭേദമന്യേ എല്ലാവരിൽ നിന്നും പണപിരിവ് നടത്തി ആഘോഷിക്കുന്ന ഉത്സവത്തിൽ ഒരു വിഭാഗത്തിന്റെ മാത്രം രാഷ്ട്രീയ അജണ്ടകൾ തിരുകിക്കയറ്റുന്നത് അംഗീകരിക്കാനാവില്ലെന്ന് ഡിവൈഎഫ്ഐ വ്യക്തമാക്കി. പൊതുജനങ്ങളിൽ നിന്ന് ശേഖരിച്ച പണം ഉപയോഗിച്ച് നടത്തുന്ന കലാപരിപാടി യിൽ ആർഎസ്എസ് ഗാനങ്ങൾ ഉൾപ്പെടുത്തിയത് ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്നും ഡിവൈഎഫ്ഐ അറിയിച്ചു.