ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള പാഠപുസ്തകങ്ങളുടെ പരിഷ്കരണം പൂർത്തീകരണത്തിലേക്ക്
തിരുവനന്തപുരം : ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള പാഠപുസ്തകങ്ങളുടെ പരിഷ്കരണം പൂർത്തീകരണത്തിലേക്ക് കടക്കുന്നുവെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. 2022ന് ശേഷം നിരന്തരമായി പാഠ്യപദ്ധതി പരിഷ്കരണ വേളയിൽ കേന്ദ്ര സർക്കാരിന്റെ നയങ്ങൾ ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ അടിച്ചേൽപ്പിക്കാനാണ് ശ്രമിക്കുന്നത്. പക്ഷേ കേരളത്തിൽ ഒന്നു മുതൽ പത്ത് വരെയുള്ള 597 ടൈറ്റിൽ പുസ്തകങ്ങളും ഈ വർഷം പുറത്തിറങ്ങാൻ പോകുന്ന പരിഷ്കരിച്ച പതിനൊന്നാം ക്ലാസ്സിലെ 39 ടൈറ്റിൽ പാഠപുസ്തകങ്ങളും കേരളം രൂപീകരിച്ച കേരള പാഠ്യപദ്ധതി ചട്ടക്കൂടി ന്റെ ഭാഗമായാണ് നിർമിക്കുന്നതെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഹയർ സെക്കന്റി ഒന്നും രണ്ടും വർഷത്തിൽ എൻസിഇആർടിയുടെ പാഠപുസ്തകങ്ങൾ കാലങ്ങളായി ഉപയോഗിച്ചു വരുന്നുണ്ട്. ഈ പുസ്തകങ്ങളിൽ ചരിത്രം, രാഷ്ട്രമീമാംസ, സമൂഹശാസ്ത്രം എന്നീ മൂന്ന് പുസ്തകങ്ങളിലാണ് വലിയ രീതിയിൽ കഴിഞ്ഞ കാലങ്ങളിൽ വെട്ടിമാറ്റൽ അല്ലെങ്കിൽ ഒഴിവാക്കൽ നടത്തിയിട്ടുള്ളത്. അതുകൊണ്ട് ഈ മൂന്ന് പുസ്തകങ്ങൾ കൂടി കേരളം സ്വന്തം നിലയിൽ പ്രസിദ്ധീകരിക്കുവാനുള്ള തയ്യാറെടുപ്പാണ് നടത്തി വരുന്നത്. ഹയർ സെക്കന്റി ഒന്നാം വർഷം പാഠപുസ്തകങ്ങൾ ജനുവരി അവസാനത്തിൽ പ്രകാശനം ചെയ്യും. 39 ടൈറ്റിലുകളിലായി ഏകദേശം നാല് ലക്ഷത്തോളം പുസ്തകങ്ങളാണ് പ്രസിദ്ധീകരിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയം ഏകപക്ഷീയമായി അടിച്ചേൽപ്പിക്കാ നുള്ള കേന്ദ്ര സർക്കാരിന്റെ നയത്തെ കേരളം അക്കാദമികമായി തന്നെ ചെറുക്കും. ഇതിനുള്ള അധിക ധനബാധ്യ ത സംസ്ഥാനത്ത് കണക്കിലെടുക്കുന്നില്ല. മതനിരപേക്ഷ, ശാസ്ത്രബോധമുള്ള, ജനാധിപത്യ ഉള്ളടക്കമുള്ള ഭരണ ഘടനയെ ഉയർത്തിപ്പിടിക്കുന്ന പാഠഭാഗങ്ങൾ കേരളം നിലനിർത്തുകയും കൂട്ടിച്ചേർക്കുകയും ചെയ്യുമെന്നും മന്ത്രി അറിയിച്ചു.