ഉത്തരാഖണ്ഡിലെ ധാരാലിയിൽ മിന്നൽ പ്രളയം വിഴുങ്ങിയ ഗ്രാമത്തിൽ തിരച്ചിൽ സജീവം; നിരവധി പേർ കാണാമറയത്ത്
ഉത്തരകാശി : ഉത്തരാഖണ്ഡിലെ ധാരാലിയിൽ മിന്നൽ പ്രളയം വിഴുങ്ങിയ ഗ്രാമത്തിൽ അപകടം നടന്ന് നാലാം ദിനമായ വെള്ളിയാഴ്ചയും തിരച്ചിൽ തുടർന്നു. പൊലീസ് നായ്ക്കളും ഡ്രോണും ഉൾപ്പെടെ അണിനിരത്തിയാണ് ദൗത്യം. ഗ്രാമത്തിന്റെ പകുതിയും ഒലിച്ചുപോയ അപകടത്തിൽ ഇനിയും നിരവധി പേരെ കണ്ടുകിട്ടാനുണ്ട്. വെള്ളിയാഴ്ച ഉച്ചവരെയുള്ള കണക്കനുസരിച്ച് 128 പേരെയാണ് രക്ഷപ്പെടുത്തിയത്. ഇതോടെ ആകെ രക്ഷപ്പെട്ടവരുടെ എണ്ണം 566 ആയി. കുത്തിയൊലിച്ചുവന്ന പാറയിലും ചളിയിലും നിരവധി വീടുകളും ഹോട്ടലുകളും തകർന്നിട്ടുണ്ട്. ഒമ്പത് സൈനികർ ഉൾപ്പെടെ 16 പേരെ കാണാനില്ലെന്നാണ് ഉത്തരാഖണ്ഡ് സംസ്ഥാന ദുരിതനിവാരണ അതോറിറ്റി പറയുന്നത്. എന്നാൽ, യഥാർഥ കണക്ക് ഇതിനേക്കാൾ എത്രയോ അധികം വരുമെന്ന് സ്ഥലവാസികൾ പറയുന്നു. ബിഹാർ, നേപ്പാൾ എന്നിവിടങ്ങളിൽനിന്നുള്ള സാധാരണ തൊഴിലാളികൾ ഇവിടെ പലവിധ നിർമാണ ജോലികളിൽ ഏർപ്പെട്ടിരുന്നു. രണ്ടു ഡസനോളം വരുന്ന ഹോട്ടലുകളിൽ യാത്രക്കാരും ഉണ്ടായിരുന്നു.
ഗംഗ ഉത്ഭവിക്കുന്ന ഗംഗോത്രിയിലേക്കുള്ള വഴിയിലെ പ്രധാന ഇടത്താവളമാണ് ധാരാലി. അതിനാൽ ഹോട്ടലുകൾക്കു പുറമെ, നിരവധി ഹോംസ്റ്റേകളും റസ്റ്റാറന്റുകളും ഗെസ്റ്റ്ഹൗസുകളും ഇവിടെയുണ്ട്. ഇന്തോ-തിബത്തൻ ബോർഡർ പൊലീസിലെ (ഐ.ടി.ബി.പി) 800ൽ അധികം പേരും ദേശീയ ദുരന്തനിവാരണ സേനയിൽ നിന്നുള്ളവരും ഇവിടെ രക്ഷാപ്രവർത്തനങ്ങളിൽ സജീവമാണ്. ഹർസിൽ എന്ന സ്ഥലത്ത് കുടുങ്ങിയവരെ ഐ.ടി.ബി.പി കോപ്ടറിൽ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ സൈന്യം ഭഗീരഥിക്ക് കുറുകെ താൽക്കാലിക പാലം നിർമിച്ചു. ഗംഗോത്രിയിൽ കുടുങ്ങിയവരെ പുറത്തെത്തിക്കാൻ ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ലഫ്. ജനറൽ ഡി.ജി. മിശ്ര പറഞ്ഞു. രണ്ട് ചിനൂക് കോപ്ടറുകൾ, വ്യോമസേനയുടെ രണ്ട് എം.ഐ 17 കോപ്ടറുകൾ, ഉത്തരാഖണ്ഡ് സിവിൽ ഏവിയേഷൻ വികസന അതോറിറ്റിയുടെ എട്ട് ചോപ്പറുകൾ തുടങ്ങിയവ വിവിധ ദൗത്യങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. ചിലയിടങ്ങളിൽ പാറയും ചളിയും 60 അടി വരെ ഉയരത്തിലാണ്. അതു തിരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. റോഡ് തകർന്നതിനാൽ വ്യോമമാർഗമുള്ള ചരക്കുനീക്കവും രക്ഷാപ്രവർത്തനവും ഊർജിതമാണ്. റോഡ് പുനർനിർമിക്കാനുള്ള പ്രവർത്തനവും സജീവമായി നടക്കുന്നുണ്ട്.