ആകാശവിസ്മയമായ പൂർണ ചന്ദ്രഗ്രഹണം ഇന്ന് രാജ്യത്ത് ദൂരദർശിനിയില്ലാതെ നേരിട്ടുകാണാനാകും
തിരുവനന്തപുരം : ആകാശവിസ്മയമായ പൂർണ ചന്ദ്രഗ്രഹണം ഞായാറാഴ്ച രാജ്യത്ത് ദൂരദർശിനിയില്ലാതെ നേരിട്ടുകാണാനാകും. സൂര്യൻ, ഭൂമി, ചന്ദ്രൻ എന്നിവ നേർരേഖയിൽ വരുന്ന പ്രതിഭാസം ഇന്ത്യയിൽ എല്ലായിടത്തും ഇന്ന് ദൃശ്യമാകും. ഞായർ രാത്രി ഏകദേശം 9.57ന് ആരംഭിക്കുന്ന ഭാഗിക ചന്ദ്രഗ്രഹണം 11ന് പൂർണഗ്രഹണമാകും. 1.25ന് ഗ്രഹണം പൂർണമായി അവസാനിക്കും. ഈ സമയത്ത് ചന്ദ്രൻ ചുവപ്പോ ഓറഞ്ചോ നിറത്തിലാകും ദൃശ്യമാവുക. സൂര്യനിൽനിന്നുള്ള പ്രകാശം ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുമ്പോൾ ഭൂമിയിലെ തരംഗദൈർഘ്യം കുറഞ്ഞ നിറങ്ങൾ മായുകയും തരംഗദൈർഘ്യം കൂടുതലുള്ള ഓറഞ്ച്, ചുവപ്പ് നിറങ്ങൾ ചന്ദ്രനിൽ പതിക്കുകയും ചെയ്യുന്നതാണ് കാരണം. 2028 ഡിസംബർ 31നാണ് ഇനി ഇന്ത്യയിൽ പൂർണചന്ദ്രഗ്രഹണം കാണാനാകുക.
പൂർണചന്ദ്രഗ്രഹണ സമയത്തുമാത്രം കാണപ്പെടുന്ന ഒരു പ്രതിഭാസമാണ് ബ്ലഡ് മൂൺ. സൂര്യനിൽനിന്നുവരുന്ന പ്രകാശത്തെ മറച്ച് ചന്ദ്രനിൽ നിഴൽ വീഴ്ത്തുന്നതാണല്ലോ ചന്ദ്രഗ്രഹണം. എന്നാൽ ഭൂമിയിൽ തട്ടാതെ ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന തരംഗദൈർഘ്യം കൂടിയ ചുവപ്പ് കിരണങ്ങൾ അന്തരീക്ഷത്തിൽ വച്ച് അപവർത്തനത്തിന് വിധേയമാവുകയും അവ വളഞ്ഞ് ചന്ദ്രനിൽ പതിക്കുകയും ചെയ്യും. അപ്പോൾ നിഴലിൽ നിൽക്കുന്ന ചന്ദ്രൻ ചുവപ്പുനിറത്തിലോ ചെമ്പ് നിറത്തിലോ കാണപ്പെടും. ഇതാണ് ബ്ലഡ് മൂൺ.