മഹാകുംഭമേളയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് മരണപ്പെട്ടവരുടെ എണ്ണം 30 ആയി
പ്രയാഗ്രാജ് : പ്രയാഗ്രാജിൽ നടക്കുന്ന മഹാകുംഭമേളയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് മരണപ്പെട്ടവരുടെ എണ്ണം 30 ആയി. 60 ത് പേർക്കാണ് അപകടത്തിൽ പരുക്കേറ്റത്. മരണപ്പെട്ടവരിൽ 25 പേരെ തിരിച്ചറിഞ്ഞതായി യുപി സർക്കാർ പുറത്തുവിട്ട ഔദ്യോഗിക കണക്കിൽ സൂചിപ്പിക്കുന്നു. മരിച്ചവരിൽ കർണാടകയിൽ നിന്നും നാല് പേരും, അസമിൽ നിന്നും ഗുജറാത്തിൽ നിന്നും ഓരോരുത്തരും ഉൾപ്പെടുന്നു. നിലവിൽ 5 പേരെയാണ് തിരിച്ചറിയാൻ ഉള്ളതെന്ന് ഡി ഐ ജി വൈഭവ് കൃഷ്ണ വ്യക്തമാക്കി. 1920 എന്ന ഹെൽപ്പ് ലൈൻ നമ്പറും ഉത്തർപ്രദേശ് സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യത്തിലും ഈ നമ്പറിലേക്ക് ബന്ധപ്പെടാവുന്നതാണ്. അതിനിടെ തിക്കും തിരക്കും കൂടാൻ പ്രധാനകാരണം വിഐപി സന്ദർശനമാണെന്ന റിപ്പോർട്ടുകൾ യുപി പൊലീസ് തള്ളി. ഇന്ന് വിഐപി സന്ദർശനങ്ങൾ ഉണ്ടായിട്ടില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു. മൗനി അമാവാസിയോട് അനുബന്ധിച്ച് പുണ്യ സ്നാനത്തിനായി പതിനായിരക്കണക്കിന് ആളുകൾ പുലർച്ചെ ത്രിവേണി സംഗമത്തിൽ തടിച്ച് കൂടിയതാണ് അപകടത്തിന് ഇടയാക്കിയത്. ആളുകളെ വേർപിരിക്കാനായി കെട്ടിയ അഖാഡമാർഗിലെ ബാരിക്കേടുകൾ തകർന്ന് നിരവധി പേർ നിലത്ത് വീണതാണ് അപകടത്തിന് കാരണം.