ജല ചൂഷണം ഉണ്ടാകില്ലെന്ന് ഉറപ്പ്; ബ്രൂവറി വിവാദത്തിൽ സർക്കാരിനൊപ്പം നിൽക്കാൻ ജെ.ഡി.എസ്
പാലക്കാട് : ബ്രൂവറി വിവാദത്തിൽ സർക്കാരിനൊപ്പം നിൽക്കാൻ ജനതാദൾ എസ് (ജെ.ഡി.എസ്) തീരുമാനിച്ചു. ജല ചൂഷണം ഉണ്ടാകില്ലെന്ന സർക്കാരിന്റെയും മന്ത്രി കെ കൃഷ്ണൻകുട്ടിയുടെയും ഉറപ്പിലാണ് നേതൃയോഗം പദ്ധതിയെ പിന്തുണക്കാൻ തീരുമാനിച്ചത്. എന്നാൽ പദ്ധതിയോടുളള എതിർപ്പ് പരസ്യമാക്കി സിപിഐ രംഗത്തുണ്ട്. മദ്യമാണോ നെല്ലാണോ ഉൽപ്പാദിപ്പിക്കേണ്ടതെന്ന ചോദ്യമാണ് ഇപ്പോൾ ഉയർന്നതെന്ന് സിപിഐ ദേശീയ കൗൺസിൽ അംഗം സത്യൻ മൊകേരി വിമർശിച്ചു.
ജല ചൂഷണം പോലുള്ള പാരിസ്ഥിതിക വിഷയങ്ങളിൽ നിലപാട് ഉയർത്തിപ്പിടിച്ച ചരിത്രം മറക്കരുതെന്ന് ചൂണ്ടിക്കാട്ടി കൊണ്ട് ജനതാദൾ എസിൽ മദ്യനിർമാണശാലക്ക് എതിരെ എതിർപ്പ് ഉയർന്നിരുന്നു.പാലക്കാട് ജില്ലാ ഘടകം അടക്കം ഈ നിലപാടിലായിരുന്നു. ഇന്ന് നടന്ന സംസ്ഥാന നേതൃയോഗത്തിലും ബ്രൂവറി വിഷയം ചർച്ചചെയ്യണമെന്ന് ആവശ്യമുയർന്നു. കൊക്കക്കോള കമ്പനിയുടെ ജലചൂഷണത്തിനെതിരെ സമരം ചെയ്ത ജെഡിഎസ് എങ്ങനെ ബ്രുവറിയെ പിന്തുണയ്ക്കുമെന്നായിരുന്നു മന്ത്രി കെ.കൃഷ്ണൻകുട്ടിക്ക് നേരെ ഉയർന്ന ചോദ്യം. എന്നാൽ കോള കമ്പനിയെപ്പോലെ ഭൂഗർഭജലമൂറ്റില്ലെന്നും മഴ വെള്ള സംഭരണിയിൽ നിന്നുള്ള വെള്ളമാകും പദ്ധതി ഉപയോഗപ്പെടുത്തുകയെന്നും മന്ത്രി കൃഷ്ണൻകുട്ടി വിശദീകരിച്ചു.