മലയാളത്തിന്റെ മഹാനടന് മമ്മൂട്ടിക്ക് ഇന്ന് 73-ാം ജന്മദിനം
മലയാളത്തിന്റെ മഹാനടന് മമ്മൂട്ടിക്ക് ഇന്ന് ജന്മദിനം. 1951 സെപ്റ്റംബര്‍ ഏഴിന് ജനിച്ച മമ്മൂട്ടി തന്റെ 73-ാം ജന്മദിനമാണ് ഇന്ന് ആഘോഷിക്കുന്നത്. പ്രായം 70 കഴിഞ്ഞിട്ടും സിനിമയില്‍ ദിനംപ്രതി അപ്ഡേറ്റ് ചെയ്യപ്പെട്ടു നില്ക്കുന്ന അപൂര്‍വ്വം ചില നടന്മാരില് ഒരാളാണ് മമ്മൂട്ടി. കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി മലയാള സിനിമയുടെ സ്പന്ദനങ്ങള്‍ മമ്മൂട്ടിയിലൂടെയാണ് മലയാളി അറിയുന്നത്. അഭിനയത്തോടു അടങ്ങാത്ത അഭിനിവേശമായിരുന്നു അന്നും ഇന്നും മമ്മൂട്ടിക്ക്.
കൊച്ചിയിലെ വീട്ടിൽ ഭാര്യ സുൽഫത്ത്, മകൻ ദുൽഖർ സൽമാൻ, മകൾ സുറുമി അടക്കമുള്ള കുടുംബാംഗങ്ങൾ ലളിതമായ പിറന്നാൾ ആഘോഷത്തിലുണ്ടാകും. ഇക്കുറിയും പിറന്നാൾ കേക്ക് ഡിസൈൻ ചെയ്യുന്നത് മകൾ സുറുമിയാണ്. മമ്മൂട്ടി കമ്പനി നിർമ്മിച്ച് ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന പുതിയചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇന്ന് അദ്ദേഹം പുറത്തുവിടും. പിറന്നാൾ ദിനത്തിൽ മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണലിന്റെ ആഭിമുഖ്യത്തിൽ 17രാജ്യങ്ങളിലായി 30,000 പേർ രക്തദാനം നടത്തും. കഴിഞ്ഞ വർഷം കാൽലക്ഷം പേർ രക്തം ദാനം ചെയ്തിരുന്നു