
മഴ ശക്തമായതോടെ മാട്ടൂൽ കുടുംബാരോഗ്യ കേന്ദ്രം റോഡ് വെള്ളത്തിൽ മുങ്ങി
പഴയങ്ങാടി : മഴ ശക്തമായതോടെ മാട്ടൂൽ കുടുംബാരോഗ്യ കേന്ദ്രം റോഡ് വെള്ളത്തിൽ മുങ്ങി. ആശുപത്രിയിൽ എത്തുന്ന നൂറുകണക്കിന് രോഗികൾ ദുരിതത്തിലായി. പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. ദിവസേന നൂറുകണക്കിന് പാവപ്പെട്ട രോഗികൾ ചികിത്സ തേടി എത്തുന്ന മാട്ടൂൽ കുടുംബാരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡിൽ ചെളിവെള്ളം കെട്ടി കിടക്കുന്നു.
മുട്ടോളം വെള്ളത്തിലൂടെ നടന്ന് വേണം ആശുപത്രിയിൽ എത്താൻ. സ്ത്രീകളും കുട്ടികളും വയോജനങ്ങളുമെല്ലാം ദുരിതം പേറിയായാണ് ആശുപത്രിയിൽ എത്തുന്നത്. വെള്ളത്തിലൂടെ നടന്ന് പോകാൻ സാധിക്കാത്തവർ ഓട്ടോറിക്ഷയും ടാക്സിയും വിളിച്ചാണ് ആശുപത്രിയിൽ എത്തുന്നത്. റോഡിന് ഇരു വശങ്ങളിൽ മതിൽ കെട്ടിയതും ഓവുചാൽ ഇല്ലാത്തതുമാണ് വെള്ളക്കെട്ടിന് കാരണം.ബന്ധപ്പെട്ട അധികൃതർ അടിയന്തിരമായി ഇടപെടണം എന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. പ്രശ്നത്തിൽ മാട്ടൂൽ ഗ്രാമപഞ്ചായത്ത് അധികൃതർ അടിയന്തിരമായി ഇടപെട്ടില്ലെങ്കിൽ പ്രക്ഷേപത്തിന് ഒരുങ്ങുകയാണ് സി പി എം പ്രവർത്തകർ.