വ്യവസായ സംരംഭകരുടെ ലൈസൻസ് അപേക്ഷകളുമായി ബന്ധപ്പെട്ട്,ജില്ലാതല പരാതി പരിഹാര കമ്മിറ്റിമീറ്റിംഗ്
കണ്ണൂർ: ജില്ലയിലെ വ്യവസായ സംരംഭകരുടെ ലൈസൻസ് അപേക്ഷകളുമായി ബന്ധപ്പെട്ട്, ജില്ലാ കളക്ടർ ചെയർമാനായ ജില്ലാതല ഏകജാലക ക്ലിയറൻസ് ബോർഡ്, ജില്ലാതല പരാതി പരിഹാര കമ്മിറ്റി എന്നിവയുടെ മീറ്റിംഗ് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വെച്ച് നടത്തി.വ്യവസായ സംരംഭങ്ങൾക്ക് സമയബന്ധിതമായി ലൈസൻസ് ലഭിക്കുന്നതിന് ജില്ലാ കളക്ടർ ചെയർമാനായും ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കൺവീനർ ആയും ഉള്ള സർക്കാരിന്റെ സംവിധാനമാണ് ഏകജാലക ക്ലിയറൻസ് ബോർഡ്.ലൈസൻസ് അപേക്ഷകളുമായി ബന്ധപ്പെട്ട് വ്യവസായ സംരംഭകരുടെ പരാതി പരിഹരിക്കുന്നതിനുള്ള സർക്കാരിന്റെ സംവിധാനമാണ് ജില്ലാതല പരാതി പരിഹാര കമ്മിറ്റി. ഈ കമ്മിറ്റികളിൽ വ്യവസായ സംരംഭകരുടെ ലൈസൻസുമായി ബന്ധപ്പെട്ട് ആകെ 51 അപേക്ഷകൾ പരിഗണിക്കുകയും ഇതിൽ 26 അപേക്ഷകൾ തീർപ്പു കൽപ്പിക്കുകയും ചെയ്തു. ബാക്കിയുള്ള അപേക്ഷകളിലുള്ള ന്യൂനതകൾ പരിഹരിച്ചു നൽകുന്നതിന് സംരംഭകർക്കും അത് ലഭിക്കുന്ന മുറയ്ക്ക് സമയബന്ധിതമായി നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റുകൾക്ക് നിർദ്ദേശം നൽകി.ജോയിന്റ് ഡയറക്ടർ, എൽ.എസ്.ജി.ഡി, പൊല്യൂഷൻ കൺട്രോൾ ബോർഡ്, എൽ.എസ്.ജി.ഡി പ്ലാനിംഗ്, ജില്ലാ കൃഷി ഓഫീസ്, KSEB, വിവിധ പഞ്ചായത്ത് മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്/ പ്രതിനിധികൾ പങ്കെടുത്തു.ജില്ലയിൽ വ്യവസായ സംരംഭകരുടെ ലൈസൻസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ജില്ലാതല ഏകജാലക ക്ലിയറൻസ് ബോർഡ്, ജില്ലാതല പരാതി പരിഹാര കമ്മിറ്റി എന്നിവ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട അപേക്ഷ സമർപ്പിക്കുന്നതിന് ജില്ലാ വ്യവസായ കേന്ദ്രവുമായും, താലൂക്ക് വ്യവസായ ഓഫീസുകളുമായുമാണ് ബന്ധപ്പെടേണ്ടത്.