തുടർച്ചയായി മൂന്നാം തവണയും അധികാരത്തിലേറി നരേന്ദ്ര മോദി; സഖ്യകക്ഷികൾക്ക് 5 ക്യാബിനറ്റ് പദവി ഉൾപ്പെടെ 11 സ്ഥാനങ്ങൾ
ന്യൂഡൽഹി : തുടർച്ചയായി മൂന്നാം തവണയും അധികാരത്തിലേറി നരേന്ദ്ര മോദി. 72 അംഗ മന്ത്രിസഭയിൽ 61 മന്ത്രിസ്ഥാനങ്ങൾ ബിജെപി എടുത്തപ്പോൾ സഖ്യകക്ഷികൾക്ക് ലഭിച്ചത് 5 ക്യാബിനറ്റ് പദവി ഉൾപ്പെടെ 11 സ്ഥാനങ്ങൾ മാത്രം. ജെഡിയു, ടിഡിപി പാർട്ടികൾക്കും ലഭിച്ചത് ഓരോ ക്യാബിനറ്റ് പദവികൾ മാത്രം. സുരേഷ് ഗോപിക്കും നൽകിയത് സഹമന്ത്രി സ്ഥാനം മാത്രം. അർഹതപ്പെട്ട പദവികൾ ലഭിക്കാത്തത്തിൽ സഖ്യകക്ഷികൾക്ക് അതൃപ്തി. ക്യാബിനറ്റ് പദവി ലഭിക്കാഞ്ഞതോടെ മന്ത്രിസഭായുടെ ഭാഗമാകാതെ അജിത് പവാർ പക്ഷം മാറി നിൽക്കുന്നതും ബിജെപിക്ക് പ്രതിസന്ധിയാണ്. തുടർച്ചയായി 3 തവണ പ്രധാനമന്ത്രി പദത്തിലെത്തുകയെന്ന നെഹ്റുവിന്റെ ചരിത്രം സ്വന്തമാക്കി നരേന്ദ്ര മോദി അധികാരത്തിലെരുമ്പോഴും ബിജെപിക്ക് മുന്നിൽ കടമ്പകൾ ഏറെയാണ്. ക്ഷണിക്കപ്പെട്ട 8000ത്തോളം അതിഥികൾക്ക് മുന്നിൽ ആയിരുന്നു മോദിയുടെ സത്യപ്രതിജ്ഞ. മോദിക്കൊപ്പം 71 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു അധികാരത്തിലേറി. 30ക്യാബീനറ്റ് മന്ത്രിമാർ. സ്വാതന്ത്ര ചുമതലയുള്ള സഹമന്ത്രിമാർ 5, 36സഹമന്ത്രിമാർ എന്നിങ്ങനെയാണ് കണക്ക്. മോദിക്ക് പിന്നാലെ രണ്ടാമനായി രാജ്നാദ് സിങ്ങും മൂന്നാമനായി അമിത് ഷായും സത്യപ്രതിജ്ഞ ചെയ്തു. നിർമല സീതാരാമൻ തന്നെയാണ് ഇത്തവണയും ക്യാബിനറ്റിൽ വനിതാ മുഖം.
നിതിൻ ഗഡ്കരി, മൻസൂഖ് മണ്ഡവ്യ, ഉൾപ്പെടെയുള്ളവരും ക്യാബീനറ്റ് പദവിയിലേക്ക് എത്തിയപ്പോൾ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ധ, ശിവരാജ് സിംഗ് ചൗഹാൻ, മനോഹർ ലാൽ ഘട്ടർ എന്നിവരും ക്യാബിനറ്റ് പദവിലേക്ക് എത്തി. 30 ക്യാബിനറ്റ് മന്ത്രിമാരിൽ 5 എണ്ണമാണ് ശാഖ്യകക്ഷികൾക്ക് നൽകിയത്. ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമി, ജിതിൻ റാം മാഞ്ചി, ജെഡിയു നേതാവ് ലലൻ സിംഗ്, ടിഡിപി നേതാവ് റാം മോഹൻ നായിഡു, ചിരാഗ് പാസ്വാൻ എന്നിവരാണ് ക്യാബിനറ്റ് പദവിയിൽ സത്യപ്രതിജ്ഞ ചെയ്തത്. സ്വതന്ത്ര ചുമതയുള്ള 5 മന്ത്രിസ്ഥാങ്ങളിൽ 3എണ്ണം ബിജെപിക്കും ശിവസേന ഷിൻഡെ വിഭാഗത്തിന് ഒരു സീറ്റും, ജയന്ത് ചൗധരിക്ക് ഒരു സീറ്റും നൽകിയിട്ടുണ്ട്. സഹമന്ത്രി സ്ഥാനങ്ങളിൽ അപ്നദൾ നേതാവ് അനുപ്രിയ പട്ടേൽ, ടിഡിപി നേതാവ് ചന്ദ്രശേഖർ പെമ്മസനി, റിപബ്ലിക് പാർട്ടി നേതാവ് റാം ദാസ് അത്വാലെ, ജെഡിയു നേതാവ് റാം നാഥ് തക്കൂർ എന്നിവർ പങ്കിടുന്നുണ്ട്. കേരളത്തിൽ നിന്നും സുരേഷ് ഗോപിയും ജോർജ് കുര്യനും സഹമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനം ഏറെ കൊട്ടിഘോഷിച്ചെങ്കിലും ക്യാബിനറ്റ് പദവിയോ, സ്വാതന്ത്ര ചുമതലയോ നൽകാൻ ബിജെപി നേതൃത്വം തയ്യാറായിട്ടില്ല. സത്യപ്രതിജ്ഞക്ക് മുന്നേ തന്നെ അജിത് പവാർ ഉൾപ്പെടെ അതൃപ്തിയുമായി രംഗത്തെത്തിയ സാഹചര്യത്തിൽ മന്ത്രിമാരുടെ വകുപ്പുകൾ കൂടി അന്തിമ രൂപത്തിലേക്കെത്തുമ്പോൾ പ്രശ്നങ്ങൾ രൂക്ഷമായേക്കും.