
സംസ്ഥാന കമ്മിറ്റി റിപ്പോർട്ട് കേന്ദ്ര കമ്മിറ്റി തള്ളി എന്ന മാധ്യമ വാർത്ത തെറ്റെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ
തിരുവനന്തപുരം : സംസ്ഥാന കമ്മിറ്റി റിപ്പോർട്ട് കേന്ദ്ര കമ്മിറ്റി തള്ളി എന്ന മാധ്യമ വാർത്ത തെറ്റെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരായി ഇപി ജയരാജൻ സംസാരിച്ചു എന്ന വാർത്തയും ശരിയല്ല. പാർട്ടിക്കകത്ത് തർക്കങ്ങളും പ്രശ്നങ്ങളും ആണെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നതായും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി. എസ്എഫ്ഐയെ പിന്തുണയ്ക്കുന്ന സമീപനമാണ് വാർത്താ സമ്മേളനത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സ്വീകരിച്ചത്. വിദ്യാർത്ഥികൾ അധ്യാപകർക്ക് നേരെയും അധ്യാപകർ വിദ്യാർത്ഥികൾക്ക് നേരെയും നടത്തുന്ന കയ്യേറ്റങ്ങൾ തെറ്റായ പ്രവണതയാണെന്നും സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാണിച്ചു. അത് ഏകപക്ഷീയമായ സമീപനത്തോടെ കാണരുത്. എസ്എഫ്ഐക്കെതിരായ വിമർശനത്തിൽ മാധ്യമങ്ങൾ തെറ്റായ പ്രചരണം നടത്തുന്നുവെന്നും എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി. എസ്എഫ്ഐക്ക് വരുന്ന ചെറിയ വീഴ്ചകൾ അവർ തന്നെ പരിഹരിച്ചു മുന്നോട്ടുപോകും. എസ്എഫ്ഐയെ തകർക്കാൻ കിട്ടുന്ന അവസരം പ്രയോജനപ്പെടുത്തുന്നു. ഏതെങ്കിലും ഒരു കോളേജിലെ പ്രശ്നം പർവ്വതീകരിക്കുന്നു. തെറ്റായ പ്രവണതകളെ ന്യായീകരിക്കുന്നില്ലെന്ന് വ്യക്തമാക്കിയ എംവി ഗോവിന്ദൻ അത് തിരുത്തി മുന്നോട്ടു പോവുകയാണ് വേണ്ടതെന്നും ആവശ്യപ്പെട്ടു.