പിപി ദിവ്യയുടെ ജാമ്യം റദ്ദാക്കണം; നവീൻ ബാബുവിൻ്റെ കുടുംബം ഹൈക്കോടതിയി ലേക്ക്
പത്തനംതിട്ട : എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ പ്രതിയായ പിപി ദിവ്യയുടെ ജാമ്യഹർജിക്കെതിരെ നവീൻ ബാബുവിൻ്റെ കുടുംബം ഹൈക്കോടതിയി ലേക്ക്. പിപി ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം ഹൈക്കോടതിയിലെത്തുന്നത്. എസ്ഐടി അന്വേഷണം കാര്യക്ഷമമല്ല. അക്കാര്യവും കോടതിയെ ബോധ്യപ്പെടുത്തും. ഗൂഢാലോചന ഉള്‍പ്പെടെ അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു. ഇന്നലെ കൂടുതല്‍ പ്രതികരിക്കാനില്ലെന്നായിരുന്നു നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചത്. എഡിഎം നവീൻ ബാബുവിൻ്റെ മരണത്തില്‍ ദുഃഖമുണ്ടെന്നാണ് ജയില്‍ മോചിതയായ ശേഷം പിപി ദിവ്യയുടെ പ്രതികരണം. സദുദ്ദേശപരമായിരുന്നു ഇടപെടലെന്നും പിപി ദിവ്യ പറഞ്ഞു. തൻറെ നിരപരാധിത്വം തെളിയിക്കുമെന്നും ദിവ്യ പറഞ്ഞു
11 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് പിപി ദിവ്യ ജയില്‍ മോചിതയായത്. വളരെ ചെറിയ വാക്കുകളിലായിരുന്നു ദിവ്യയുടെ പ്രതികരണം. മാധ്യമങ്ങളുടെ മറ്റു ചോദ്യങ്ങളോട് ദിവ്യ പ്രതികരിച്ചിരുന്നില്ല. അതേസമയം, ദിവ്യക്കെതിരെ പാർട്ടി കടുത്ത നടപടിയാണ് സ്വീകരിച്ചത്. കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായിരുന്ന ദിവ്യയെ സിപിഎം പ്രാഥമിക അംഗത്വത്തിലേക്കാണ് തരംതാഴ്ത്തിയിരുന്നു. സിപിഎമ്മില്‍ ഏറ്റവും ഉയർന്ന രണ്ടാമത്തെ അച്ചടക്ക നടപടിയാണ് ബ്രാഞ്ച് അംഗത്വത്തിലേക്കുള്ള തരംതാഴ്ത്തല്‍. ദിവ്യയെ തരംതാഴ്ത്താൻ കണ്ണൂർ ജില്ലാ കമ്മിറ്റിയെടുത്ത തീരുമാനം സംസ്ഥാന നേതൃത്വത്തിന്റെ അനുമതിക്കായി വിട്ടിരുന്നു. ഇത് പ്രകാരം ഇന്നലെ ഓണ്‍ലൈനായി ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗമാണ് നടപടിക്ക് അംഗീകാരം നല്‍കിയത്.