ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ട്വന്റി20യിൽ ഇന്ത്യയ്ക്ക് 61 റൺസ് വിജയം
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ട്വന്റി20യിൽ ഇന്ത്യയ്ക്ക് 61 റൺസ് വിജയം. ഇന്ത്യ ഉയർത്തിയ 203 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 17.5 ഓവറിൽ 141 റൺസെടുത്തു പുറത്തായി. സെഞ്ചറി നേടിയ സഞ്ജു സാംസണാണു കളിയിലെ താരം. ജയത്തോടെ നാലു മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലെത്തി. മറുപടിയിൽ 22 പന്തിൽ 25 റൺസെടുത്ത ഹെൻറിച് ക്ലാസനാണ് ദക്ഷിണാഫ്രിക്ക യുടെ ടോപ് സ്കോറര്‍. ജെറാൾഡ് കോട്സീ (11 പന്തിൽ 23) റയാൻ റിക്കിൾട്ടൻ (11 പന്തിൽ 21), ഡേവിഡ് മില്ലർ (22 പന്തിൽ 18) എന്നിവരാണ് ദക്ഷിണാഫ്രിക്കയുടെ മറ്റു പ്രധാന സ്കോറർമാർ. അർഷ്ദീപ് സിങ് എറിഞ്ഞ ആദ്യ ഓവറിലെ നാലാം പന്തിൽ തന്നെ ദക്ഷിണാഫ്രിക്കയ്ക്ക് ക്യാപ്റ്റൻ എയ്ഡൻ മാർക്രമിനെ നഷ്ടമായിരുന്നു. മധ്യനിരയിൽ ചെറുത്തുനിൽക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയതോടെ സ്പിന്നർമാരെ ഉപയോഗിച്ച് ഇന്ത്യ കളി തിരിച്ചു. വരുൺ ചക്രവർത്തി എറിഞ്ഞ 12–ാം ഓവറിൽ ക്ലാസന്റെയും മില്ലറുടെയും വിക്കറ്റുകൾ വീണതു മത്സരത്തിൽ നിർണായകമായി. രവി ബിഷ്ണോയി മൂന്നു വിക്കറ്റുകൾ വീഴ്ത്തിയതോടെ ദക്ഷിണാഫ്രിക്ക മധ്യനിരയും വാലറ്റവും കളി കൈവിട്ടു. 114 ന് എട്ട് എന്ന നിലയിലേക്കു വീണ ദക്ഷിണാഫ്രിക്കയ്ക്ക് വാലറ്റത്ത് ജെറാൾഡ് കോട്സീ നടത്തിയ പ്രകടനമാണ് കുറച്ചെങ്കിലും പ്രതീക്ഷ നൽകിയത്. അവസാന 23 പന്തിൽ 72 റൺസായിരുന്നു ദക്ഷിണാഫ്രിക്കയ്ക്കു ജയിക്കാൻ വേണ്ടിയിരുന്നത്. മൂന്നു സിക്സുകളടിച്ച ജെറാൾഡ് കോട്സീയെ 17–ാം ഓവറിൽ സൂര്യകുമാർ യാദവ് റൺഔട്ടാക്കി. ഇന്ത്യയ്ക്കായി വരുൺ ചക്രവർത്തിയും രവി ബിഷ്ണോയിയും മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി. ആവേശ് ഖാൻ രണ്ടു വിക്കറ്റുകളും അര്‍ഷ്ദീപ് സിങ് ഒരു വിക്കറ്റും നേടി.