നീറ്റ് പരീക്ഷ ക്രമക്കേട്; പരീക്ഷയിൽ വലിയ തോതിൽ ക്രമക്കേട് നടന്നെന്ന കുറ്റസമ്മത മൊഴികളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്
നീറ്റ് പരീക്ഷാ ക്രമക്കേട് രാജ്യമാകെ വിവാദമായിരിക്കെ, ബിഹാറിൽ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിൻ്റെ അന്വേഷണത്തിൽ വൻ കണ്ടെത്തലുകൾ. പരീക്ഷയിൽ വലിയ തോതിൽ ക്രമക്കേട് നടന്നെന്ന കുറ്റസമ്മത മൊഴികളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. ചോദ്യപ്പേപ്പര്‍ ചോര്‍ത്തിക്കിട്ടാൻ 30-32 ലക്ഷം രൂപ വരെ ലഭിച്ചെന്നാണ് പ്രതികളുടെ കുറ്റസമ്മത മൊഴി. പ്രതികളുമായി ബന്ധപ്പെട്ടെന്ന നിഗമനത്തിൽ ഒൻപത് വിദ്യാര്‍ത്ഥികളോട് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പാറ്റ്നയിൽ അന്വേഷണ സംഘത്തിൻ്റെ ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്.
ഈ ഒൻപത് വിദ്യാര്‍ത്ഥികളും ബിഹാറിലെ വിവിധ ജില്ലകളിൽ നിന്നുള്ളവരെന്നാണ് വിവരം. സംഭവത്തിൽ പിടിയിലായ 14 പ്രതികളുടെ പക്കൽ നിന്നും 13 വിദ്യാര്‍ത്ഥികളുടെ റോൾ നമ്പറുകൾ കണ്ടെത്തിയിരുന്നു. നാല് വിദ്യാര്‍ത്ഥികൾ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്. എൻടിഎയിൽ നിന്ന് മറ്റ് ഒൻപത് വിദ്യാര്‍ത്ഥികളുടെ വിവരങ്ങൾ ശേഖരിച്ച അന്വേഷണ സംഘം ഇവരെ ചോദ്യം ചെയ്യാൻ നോട്ടീസ് നൽകുകയായിരുന്നു. കേസ് അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതായും വിവരമുണ്ട്. എൻടിഎ കൈമാറിയ അഡ്മിഷൻ കാര്‍ഡുകളിൽ നിന്നാണ് ഒൻപത് വിദ്യാര്‍ത്ഥികളുടെയും വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചതെന്ന് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡിഐജി മാനവ്ജിത് സിങ് ധില്ലോൺ വ്യക്തമാക്കിയിട്ടുണ്ട്. ചോദ്യങ്ങൾ മനപ്പാഠമാക്കാൻ പ്രതികൾ ഈ വിദ്യാര്‍ത്ഥികളെ സഹായിച്ചെന്ന വെളിപ്പെടുത്തൽ പരിശോധിക്കാനാണ് വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്യുന്നതെന്നാണ് വിവരം.