നീറ്റിലെ ക്രമക്കേട്; വിദ്യാർത്ഥി സംഘടനകൾ രാജ്യവ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്തു
ന്യൂഡല്‍ഹി : നീറ്റ് പരീക്ഷാഫലത്തിലെ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് ഇടത് വിദ്യാർത്ഥി സംഘടനകൾ രാജ്യവ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്തു. വരുന്ന ബുധൻ,വ്യാഴം ദിവസങ്ങളിലാണ് പണിമുടക്ക്. വിഷയത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ മൗനം പാലിക്കുകയാണെന്നും ഇടത് സംഘടനകൾ ആരോപിച്ചു. പണിമുടക്കിന് ഇൻഡ്യ സഖ്യവും പിന്തുണ പ്രഖ്യാപിക്കും എന്നാണ് സൂചന.
67 വിദ്യാർത്ഥികൾ ഏറ്റവും കൂടുതൽ മാർക്ക് നേടി ഒന്നാം റാങ്കിൽ എത്തിയതോടെയാണ് നീറ്റ് പരീക്ഷയിലെ ക്രമക്കേട് ചൂണ്ടാക്കാട്ടി വിദ്യാർത്ഥികളടക്കം രംഗത്തെത്തിയത്. അതിനിടെ നീറ്റ് പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. അത്തരത്തിൽ ഒരു തെളിവും ലഭ്യമായിട്ടില്ല. കേന്ദ്രസർക്കാരും എൻ.ടി.എ.യും പരീക്ഷയെഴുതിയ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും നീതി ഉറപ്പാക്കും. 24 ലക്ഷം വിദ്യാർഥികൾ വിജയകരമായി പരീക്ഷ എഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.