നീറ്റ് പരീക്ഷ; ക്രമക്കേട് ആരോപിച്ച് സമർപ്പിച്ച മൂന്ന് ഹരജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ന്യൂഡൽഹി : മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയിൽ ക്രമക്കേട് ആരോപിച്ച് സമർപ്പിച്ച മൂന്ന് ഹരജികൾ സുപ്രീംകോടതി വ്യാഴാഴ്ച പരിഗണിക്കും. നീറ്റ് പരീക്ഷ നടത്തിപ്പും ഫലപ്രഖ്യാപനവും സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ വിദഗ്ധ സമിതി അന്വേഷിക്കണമെന്നാണ് ‘ഫിസിക്സ് വാല’ സി.ഇ.ഒ അലഖ് പാണ്ഡെയുടെ ഹരജിയിലെ ആവശ്യം. ചോദ്യപേപ്പർ ചോർന്നുവെന്ന ആരോപണം, 1500ഓളം വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നൽകിയതിലെ അപാകത എന്നിവ ചൂണ്ടിക്കാട്ടി രണ്ട് വിദ്യാർഥികൾ നൽകിയ ഹരജിയും അവധിക്കാല ബെഞ്ചിന്റെ പരിഗണനക്കെത്തുന്നുണ്ട്.
24 ലക്ഷം വിദ്യാർഥികൾ എഴുതിയ നീറ്റ് പരീക്ഷ മേയ് അഞ്ചിനാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി രാജ്യത്തെ 4750 കേന്ദ്രങ്ങളിലായി നടത്തിയത്. 24 ലക്ഷത്തോളം വിദ്യാർഥികൾ പരീക്ഷ എഴുതി. നിശ്ചയിച്ചതിലും നേരത്തെയായി ജൂൺ നാലിന് മുന്നറിയിപ്പില്ലാതെ ഫലം പ്രസിദ്ധീകരിക്കുകയായിരുന്നു. 67 പേർക്ക് 720ൽ 720 മാർക്കും ലഭിച്ചിരുന്നു. ചോദ്യപ്പേപ്പർ ചോർന്നുവെന്നും ഗ്രേസ് മാർക്ക് നൽകിയതിൽ അപാകതയുണ്ടെന്നും വ്യാപക പരാതിയുയർന്നിരുന്നു.