നീറ്റ് ഹരജികൾ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും
ന്യൂഡൽഹി : ചോദ്യപേപ്പർ ചോർന്ന നീറ്റ് യു.ജി പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നടത്തണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജികൾ സുപ്രീംകോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. വ്യാഴാഴ്ച കേസ് പരിഗണിച്ചപ്പോൾ എൻ.ടി.എയും കേന്ദ്ര സർക്കാറും സമർപ്പിച്ച സത്യവാങ്മൂലങ്ങളുടെ പകർപ്പുകൾ ചില അഭിഭാഷകർക്ക് ലഭിച്ചിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. കേന്ദ്രവും എൻ.ടി.എയും സമർപ്പിച്ച സത്യവാങ്മൂലങ്ങൾക്ക് ഹരജിക്കാർ മറുപടി നൽകേണ്ടതുണ്ടെന്നും അതിനാൽ കേസ് തിങ്കളാഴ്ച പരിഗണിക്കാമെന്നുമായിരുന്നു ചീഫ് ജസ്റ്റിസ് പറഞ്ഞത്. എന്നാൽ, തിങ്കളാഴ്ചയും ചൊവ്വാഴ്ചയും സോളിസിറ്റർ ജനറലും അറ്റോണി ജനറലും ഉണ്ടാകില്ലെന്നതും ബുധനാഴ്ചത്തെ മുഹർറം അവധിയും പരിഗണിച്ച് ചീഫ് ജസ്റ്റിസ് ഹരജികൾ വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.