നീറ്റ് പരീക്ഷാ ക്രമക്കേടുകൾ സംബന്ധിച്ച ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ന്യൂഡൽഹി : നീറ്റ് പരീക്ഷാ ക്രമക്കേടുകൾ സംബന്ധിച്ച ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. മൊത്തം 26 ഹർജികളാണ് സുപ്രീം കോടതി പരിഗണിക്കുക. പരീക്ഷ റദ്ദാക്കുക, ഗ്രേസ് മാർക്ക് നൽകിയതിൽ വിശദമായ അന്വേഷണം നടത്തുക, പുനഃപരീക്ഷ അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ചാണ് ഹർജികൾ സമർപ്പിക്കപ്പെട്ടിട്ടുള്ളത്. ഇവയിൽ ഇന്ന് സുപ്രീം കോടതി വിശദമായ വാദം കേൾക്കും. പുനഃപരീക്ഷ വേണ്ട എന്ന് ആവശ്യപ്പെട്ടും ഹർജികൾ വന്നിട്ടുണ്ട്. കൗൺസിലിങ് നടപടികൾ സ്റ്റേ ചെയ്യണമെന്ന ആവശ്യവും ഹർജിക്കാരിൽ ചിലർ ഉന്നയിച്ചിരുന്നെങ്കിലും ഇതിന് അവധിക്കാല ബെഞ്ച് തയ്യാറായിരുന്നില്ല.
അതിനിടെ ഹർജികൾ പരിഗണിക്കുന്നതിന് മുന്നോടിയായി സോളിസിറ്റർ ജനറൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. കോടതിയിൽ എന്ത് നിലപാട് സ്വീകരിക്കണമെന്ന കാര്യം ചർച്ചയിൽ ഉണ്ടായതായാണ് സൂചന. ചില സംസ്ഥാനങ്ങളിൽ മാത്രം നടന്ന ചോദ്യപ്പേപ്പർ ചോർച്ച പരീക്ഷയെ മൊത്തമായി ബാധിച്ചിട്ടില്ല എന്നാണ് സർക്കാർ നിലപാട്. കേസ് ഇന്ന് പരിഗണിക്കാനിരിക്കെ കൗൺസിലിങ് ഈ മാസം ഇരുപതിന് ശേഷമേ ഉണ്ടാകുകയുള്ളൂ എന്നും സർക്കാർ നിലപാട് വ്യക്തമാക്കിയിരുന്നു. അങ്ങനെയെങ്കിൽ ഇന്ന് ഹർജികൾ പരിഗണിച്ച് കോടതി പുറപ്പെടുവിക്കുന്ന വിധിന്യായം കൗൺസിലിങ് സംബന്ധിച്ച തീരുമാനത്തിൽ നിർണായകമാകും.