ഈ വര്‍ഷത്തെ നീറ്റ് യുജി പ്രവേശന കൗണ്‍സിലിങ് മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട്
ഈ വര്‍ഷത്തെ നീറ്റ് യുജി പ്രവേശന കൗണ്‍സിലിങ് മാറ്റിവെച്ചു. കൗണ്‍സിലിങ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നടത്തില്ലെന്ന് അധികൃതര്‍ അറിയിച്ചു. ജൂലായ് എട്ടിന് നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിക്കാനി രിക്കുന്നതിനിടെയാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) യുടെ തീരുമാനം. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. നേരത്തെ, നീറ്റ് യുജി കൗണ്‍സിലിങ് മാറ്റിവെയ്ക്കണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ വിദ്യാര്‍ഥികളുടെ ഭാവി കണക്കിലെടുക്കുന്നതിനാല്‍ ഇതു മാറ്റിവെയ്ക്കാന്‍ കഴിയില്ലെന്നായിരുന്നു എന്‍ടിഎ സുപ്രീം കോടതിയെ അറിയിച്ചിരുന്നത്.
എന്നാല്‍, ഈ നിലപാടില്‍ നിന്നും മലക്കംമറിയുന്ന സമീപനമാണ് ഇപ്പോള്‍ എന്‍ടിഎ സ്വീകരിച്ചിട്ടുള്ളത്. അതേസമയം, പരീക്ഷാ ക്രമക്കേടില്‍ അടിയന്തര നടപടി ആവശ്യപ്പെട്ടും നീറ്റ് പരീക്ഷ തന്നെ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടും രാജ്യമൊട്ടാകെ പ്രതിഷേധങ്ങള്‍ ആളിക്കത്തുകയാണ്. ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് യുജിയില്‍ പരീക്ഷാര്‍ഥികള്‍ക്ക് കൂട്ടത്തോടെ ഒന്നാം റാങ്കും തുടര്‍ന്നുള്ള റാങ്കുകളും ലഭിച്ചതോടെയാണ് പരീക്ഷയില്‍ ക്രമക്കേട് നടന്നിട്ടുള്ളതായി ആരോപണം ഉയര്‍ന്നത്.