നെന്മാറയിൽ കൊല്ലപ്പെട്ട സുധാകരന്റെ രണ്ടാമത്തെ കുട്ടിക്ക് സർക്കാർ ജോലി നൽകണമെന്ന് വിചാരണക്കോടതി
പാലക്കാട് :നെന്മാറയിൽ കൊല്ലപ്പെട്ട സുധാകരന്റെ രണ്ടാമത്തെ കുട്ടിക്ക് സർക്കാർ ജോലി നൽകണമെന്ന് വിചാരണക്കോടതി. നേരത്തെ സുധാകരന്റെ ബന്ധുക്കൾ കുട്ടികൾക്ക് സർക്കാർ ജോലി നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. നഷ്ട പരിഹാരം കിട്ടിക്കഴിഞ്ഞാൽ ആശ്വാസമാണെന്നും നാട്ടിലേക്ക് പോകുന്നില്ലെന്നും കുട്ടികൾ പറഞ്ഞു. അച്ഛൻ്റെ ഓർമകൾ കൂടെയുണ്ടെന്നും സഹായിച്ച എല്ലാവർക്കും കോടതിക്കും നന്ദിയെന്നും മക്കൾ പ്രതികരിച്ചു.
പ്രതി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ച കോടതി കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് വ്യക്തമാക്കി. കേരളത്തിലെ കുടുംബ ബന്ധങ്ങളിൽ മാറ്റങ്ങൾ വരുന്നു. ഒറ്റപ്പെട്ട ജീവിതങ്ങൾ കൂടുന്നു. ക്രൂരമായ കൊലപാതകങ്ങൾ നടക്കുന്നു. പ്രതി മാനസാന്തരപ്പെടാൻ യാതൊരു സാധ്യതയുമില്ലെന്നും കുറ്റകൃത്യത്തിന് ശേഷം പ്രതി വിഷം കഴിച്ചു എന്ന പ്രതിഭാഗത്തിന്റെ വാദത്തിന് തെളിവില്ലെന്നും പ്രതിക്ക് മാനസികമായ തകരാറുകളില്ലെന്നും കോടതി വ്യക്തമാക്കി