രാഹുലിനെതിരായ ലൈംഗിക ആരോപണം; കോൺഗ്രസ് നേതൃത്വം മറുപടി പറയണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ
തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് നേതാവും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നുവന്ന ലൈംഗിക ആരോപണത്തിൽ ഒഴിഞ്ഞുമാറാൻ കോൺഗ്രസിന് സാധിക്കില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇത്തരം ഗൗരവതരമായ വിഷയങ്ങൾ ഉയർന്നുവരുമ്പോൾ ആരോപണവിധേ യനായ വ്യക്തി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്റെ പദവി മാത്രം ഒഴിഞ്ഞാൽ മതിയോ എന്ന കാര്യം കോൺഗ്രസാണ് തീരുമാനിക്കേണ്ട ത്. ഗൗരവതരമായ പരിശോധന കോൺഗ്രസ് നടത്തണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
യുവനേതാവിനെതിരെ ആരോപണവു മായി പറവൂർ സ്വദേശിയായ യുവതി രംഗത്തെത്തിയിരുന്നു. പിതൃതുല്യനായി കാണുന്ന പ്രതിപക്ഷ നേതാവിനെ വിഷയം അറിയിച്ചെങ്കിലും കാര്യമായ നടപടിയുണ്ടായില്ലെന്നും യുവതി വ്യക്തമാക്കിയിരുന്നു. ഇതിനു ശേഷമാണ് ജനപ്രതിനിധിയാകുന്നതടക്കമുള്ള സ്ഥാനങ്ങൾ യുവനേതാവിന് ലഭിക്കുന്നത്. താൻ വിഷയം അപ്പോൾ തന്നെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു എന്നാണ് വി ഡി സതീശൻ പറഞ്ഞത്. എന്നാൽ മറുഭാഗം പറയുന്നത് തന്നോട് അങ്ങനെ പറഞ്ഞിട്ടേയില്ല എന്നാണ്. ഇത്തരത്തിൽ ഒരു പ്രശ്നം പ്രതിപക്ഷ നേതാവിനോട് പറഞ്ഞുകഴിഞ്ഞാൽ താൻ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട് എന്ന് പറഞ്ഞ് ഒഴിയുകയല്ല വേണ്ടത്. ഒന്നരവർഷം മുമ്പ് നടന്ന സംഭവത്തിൽ ശരിയായ നിലപാട് സ്വീകരിക്കാൻ പ്രതിപക്ഷ നേതാവ് കൂട്ടാക്കിയില്ല എന്നാണ് കരുതേണ്ടത്. ഇത് വളരെ ഗൗരവതരമായ പ്രശ്നമാണ്. സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളോട് കോൺഗ്രസ് പാർടിയും അതിന്റെ നേതൃത്വവും കാണിക്കുന്ന സമീപനത്തിന്റെ ഉദാഹരണമായി വേണം ഇതിനെ കാണാൻ.
രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോൾ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്റെ പദവി രാജി വച്ചിരിക്കുകയാണ്. മറ്റൊരു യുവതിയോട് ലൈംഗികമായി മോശമായി പെരുമാറിയതും കൃത്യമായ തെളിവുകളോടെെ പുറത്തുവന്നിരുന്നു. ഗർഭച്ഛിദ്രം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് എതിരെയുള്ളത്. ഇത്തരം ഗൗരവതരമായ വിഷയങ്ങൾ ഉയർന്നുവരുമ്പോൾ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്റെ പദവി ഒഴിഞ്ഞാൽ മതിയോ എന്ന കാര്യം കോൺഗ്രസാണ് തീരുമാനിക്കേണ്ടത്. ഗൗരവതരമായ പരിശോധന കോൺഗ്രസിന്റെ ഭാഗത്തുനിന്ന് നടത്തണം. യൂത്ത് ലീഗിന്റെ സംസ്ഥാന സെക്രട്ടറി രാഹുലിന് എതിരായി വന്ന പരാതികളെല്ലാം വിശ്വസനീയമാണ് എന്നാണ് പറഞ്ഞത്. വളരെ ഗൗരവമുള്ള പ്രശ്നത്തിൽ കോൺഗ്രസ് നേതൃത്വം പ്രതികരിച്ചത് തണുപ്പൻമട്ടിലാണ്. എന്നാൽ ഇതിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ കോൺഗ്രസിന് സാധിക്കില്ല. രാഹുൽ രാജി വയ്ക്കണമെ ന്ന് ആവശ്യം ഉയർന്നുവന്നിട്ടുണ്ട്. ചാറ്റുകളും വോയ്സ് നോട്ടുകളും അടക്കമുള്ള തെളിവുകൾ സമൂഹത്തിനു മുന്നിലുണ്ട്. കേവലമായ ആരോപണം ഉന്നയിച്ചതല്ല, തെളിവുകളാണ് മുന്നിലുള്ളത്. ഇതിൽ എന്താണ് നടപടി സ്വീകരിക്കുകയെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.