മലയാള സിനിമയിൽ ക്യാമറ കൊണ്ട് ദൃശ്യകവിതകൾ രചിച്ച പ്രശസ്ത ഛായാഗ്രാഹകൻ മെല്ലി ഇറാനി അന്തരിച്ചു
ചെന്നൈ : മലയാള സിനിമയിൽ ക്യാമറ കൊണ്ട് ദൃശ്യകവിതകൾ രചിച്ച പ്രശസ്ത ഛായാഗ്രാഹകൻ മെല്ലി ഇറാനി (94) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. മലയാള സിനിമയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് കാലഘട്ടത്തെയും വർണ്ണവിസ്മയങ്ങളെയും ഒരുപോലെ തന്റെ ലെൻസിനുള്ളിലാക്കിയ അദ്ദേഹം, ദൃശ്യങ്ങളിലൂടെ വൈകാരിക ലോകമാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്.
1932 ഓഗസ്റ്റ് 5-ന് ബോംബെയിൽ പ്രശസ്ത ക്യാമറാമാൻ ആദി ഇറാനിയുടെ മകനായാണ് ജനനം. പിതാവിൽ നിന്ന് തന്നെ ഛായാഗ്രഹണത്തിന്റെ ആദ്യപാഠങ്ങൾ അഭ്യസിച്ചു. 1961-ൽ ‘ജ്ഞാനസുന്ദരി’ എന്ന ചിത്രത്തിലൂടെ യാണ് സ്വതന്ത്ര ഛായാഗ്രാഹകനായി മലയാളത്തിലേക്ക് എത്തുന്നത്.കെ എസ് സേതുമാധവൻ, ഹരിഹരൻ തുടങ്ങിയ പ്രഗത്ഭ സംവിധായകരുടെ സ്ഥിരം സഹപ്രവർത്തകനായിരുന്നു മെല്ലി ഇറാനി. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളായ അനുഭവങ്ങൾ പാളിച്ചകൾ, യക്ഷി, അടിമകൾ, വാഴ്വേമാ യം, അരനാഴികനേരം, ശരപഞ്ജരം തുടങ്ങി അനേകം ചിത്രങ്ങൾക്ക് അദ്ദേഹം ദൃശ്യഭാഷയൊരുക്കി.
‘അനുഭവങ്ങൾ പാളിച്ചകളി’ൽ സത്യന്റെ ആത്മസംഘർഷങ്ങൾ ഒപ്പിയെടുത്ത ക്ലോസപ്പ് ഷോട്ടുകളും ‘കല്യാണി കളവാണി’ എന്ന ഗാനരംഗത്തിലെ കെപിഎസി ലളിതയുടെ മുഖഭാവവു മെല്ലാം അദ്ദേഹത്തിന്റെ ക്യാമറക്കണ്ണുക ളുടെ മാന്ത്രികതയ്ക്ക് ഉദാഹരണങ്ങളാണ്. ‘ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം’, ‘ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം’ തുടങ്ങിയ അനശ്വര ഗാനങ്ങൾ ഇന്നും മലയാളി ഹൃദയങ്ങളിൽ ജീവിക്കുന്നത് മെല്ലി ഇറാനി ഒരുക്കിയ മനോഹരമായ ദൃശ്യങ്ങളിലൂടെ കൂടിയാണ്. അദ്ദേഹത്തിന്റെ വിയോഗത്തിൽ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ ഉൾപ്പെടെ ചലച്ചിത്ര രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.