ഓണക്കാല തിരക്ക് നിയന്ത്രിക്കാൻ കണ്ണൂർ നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; സുരക്ഷ ശക്തമാക്കി കണ്ണൂർ സിറ്റി പോലീസ്
കണ്ണൂർ: ഓണാഘോഷങ്ങളുടെയും അവധിക്കാല ഷോപ്പിംഗിന്റെയും ഭാഗമായി കണ്ണൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഉണ്ടാകാനിടയുള്ള വൻ ഗതാഗതക്കുരുക്കും ക്രമസമാധാന പ്രശ്നങ്ങളും ഒഴിവാക്കാൻ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ. ബി വി വിജയ ഭരത് റെഡ്ഡി ഐപിഎസ്സിന്റെ നേതൃത്വത്തിൽ സമഗ്രമായ ട്രാഫിക് മാനേജ്മെന്റ് പ്ലാൻ നടപ്പിൽ വരുത്താൻ തീരുമാനിച്ചിട്ടുണ്ട്. കണ്ണൂർ ടൗൺ, കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷൻ പരിധികളിൽ ആഗസ്റ്റ് 15 മുതൽ ആഗസ്റ്റ് 31 വരെയാണ് ഈ പ്രത്യേക നിയന്ത്രണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും നടപ്പിലാക്കുന്നത്. പൊതുഗതാഗതത്തേക്കാൾ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നത് വർധിച്ചതും, ഓണം വിപണി സജീവമായതും, പയ്യാമ്പലം ബീച്ച് ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ആളുകളുടെ ഒഴുക്ക് കൂടിയതും കണക്കിലെടുത്താണ് പോലീസിന്റെ ഈ അടിയന്തര നടപടി. കണ്ണൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ശ്രീ ആസാദ് എം.പിയുടെ നേതൃത്വത്തിൽ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ, കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ, കണ്ണൂർ ട്രാഫിക് എസ്.ഐ എന്നിവർക്കാണ് വിവിധ മേഖലകളിലെ സുരക്ഷാ ചുമതല നൽകിയിട്ടുള്ളത്.നഗരത്തിലെ പ്രധാന പാതകളിലും ജംഗ്ഷനുകളിലും ഗതാഗത പ്രവാഹം സുഗമമാക്കുന്നതിനായി 23 പ്രധാന ട്രാഫിക് പോയിന്റുകളിലായി ആകെ 52 പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിട്ടുള്ളത്. ഐ.ഒ.സി ജംഗ്ഷൻ, പ്ലാസ, എസ്.ബി.ഐ ജംഗ്ഷൻ, റെയിൽവേ സ്റ്റേഷൻ പരിസരം, മാർക്കറ്റ്, മുനീശ്വരൻ കോവിൽ, ജെ.എസ് പോൾ ജംഗ്ഷൻ, പഴയ ബസ് സ്റ്റാൻഡ്, എസ്പിസിഎ ജംഗ്ഷൻ, ഗാന്ധി സർക്കിൾ, ചേമ്പർ ജംഗ്ഷൻ, പോലീസ് ക്ലബ് ജംഗ്ഷൻ, കക്കാട് റോഡ്, എകെജി ബസ് സ്റ്റോപ്പ്, പള്ളിക്കുന്ന് ശ്രീപുരം, മേലെ ചൊവ്വ, തെഴ്ക്കിൽ പീടിക, കാപ്പാട് റോഡ് ജംഗ്ഷൻ, താഴെ ചൊവ്വ, താണ, പ്രഭാത്, എസ്.എൻ പാർക്ക്, ഹെഡ് പോസ്റ്റ് ഓഫീസ് തുടങ്ങിയ കേന്ദ്രങ്ങളിൽ ഓരോ പോയിന്റിലും ചുരുങ്ങിയത് രണ്ട് പോലീസുകാരെ വീതം ട്രാഫിക് നിയന്ത്രണത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്.വൈകുന്നേരം 4:00 മണി മുതൽ രാത്രി 10:00 മണി വരെയുള്ള തിരക്കേറിയ സമയങ്ങളിൽ നഗരത്തിൽ പ്രത്യേക സുരക്ഷയും നിരീക്ഷണവും ഉറപ്പാക്കും. മോഷണം, മാലപൊട്ടിക്കൽ, ലഹരി ഉപയോഗം, സ്ത്രീകളെ ശല്യം ചെയ്യുന്നത്, അശ്രദ്ധമായ ഡ്രൈവിംഗ് തുടങ്ങിയ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനായി യൂണിഫോമിലും മഫ്തിയിലുമായി 17 ബീറ്റുകളിലായി 54 ഉദ്യോഗസ്ഥരെ ബീറ്റ് പട്രോളിംഗിനായി നിയോഗിച്ചിട്ടുണ്ട്