അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ വ്യാപക പരിശോധന; ‘ഓപ്പറേഷൻ തൂഫാനിൽ’ ലഹരിവസ്തുക്കൾ പിടികൂടി
കണ്ണൂർ:അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ വ്യാപക പരിശോധനയിൽ നിരോധിത ലഹരിവസ്തുക്കൾ പിടികൂടി. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കണ്ണൂർ സിറ്റി പോലീസ് ജില്ലയിലെ വിവിധ സ്റ്റേഷൻ പരിധികളിലാണ് ഞായറാഴ്ച കർശന പരിശോധന നടത്തിയത്.കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ വിജയ ഭരത് റെഡ്ഡിയുടെ നിർദ്ദേശപ്രകാരം വിവിധ കേന്ദ്രങ്ങളിൽ നടത്തിയ തിരച്ചിലിൽ പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളും കഞ്ചാവും പോലീസ് പിടിച്ചെടുത്തത്. നിയമവിരുദ്ധമായി ലഹരിവസ്തുക്കൾ കൈവശം വെച്ചതുമായി ബന്ധപ്പെട്ട് കണ്ണൂർ സിറ്റി, മയ്യിൽ, തലശ്ശേരി, ചൊക്ലി, പിണറായി, കൂത്തുപറമ്പ് എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലായി 7 പേർക്കെതിരെ നിലവിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിവിധ പോലീസ് സ്റ്റേഷനുകളിലായി 137 സെർച്ചുകൾ നടത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും ലഹരിമാഫിയകൾക്കെതിരെയുള്ള ഇത്തരം കർശന പരിശോധനകൾ കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.