കൊടുങ്ങല്ലൂർ കാവ് സന്ദർശനം വിവാദമാക്കേണ്ടതില്ല.പി ജയരാജൻ
തൃശ്ശൂർ:കൊടുങ്ങല്ലൂർ കാവ് സന്ദർശനം വിവാദമാക്കേണ്ടതില്ലെന്നും ചരിത്രവും സമൂഹവും പഠിക്കാനായിരുന്നു യാത്രയെന്ന് വ്യക്തമാക്കി പി ജയരാജൻ. “സനാതനികളുടെ ഹിന്ദുത്വ വഴികൾ” എന്ന പുസ്തകത്തിന്റെ ഭാഗമായി ബ്രാഹ്മണീയമല്ലാത്ത ആരാധനാചാരങ്ങൾ നിലനിൽക്കുന്ന കേന്ദ്രങ്ങളെക്കുറിച്ച് പഠനം നടത്തുന്നതിനിടെയാണ് കൊടുങ്ങല്ലൂർ കാവ് സന്ദർശിച്ചതെന്ന് അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ദിവസം കോടതി ആവശ്യത്തിനായി കൊച്ചിയിലെത്തിയപ്പോൾ യാദൃച്ഛികമായി കൊടുങ്ങല്ലൂരിൽ വാഹനം നിർത്തുകയും തുടർന്ന് കാവ് സന്ദർശിക്കുകയുമായിരുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. കൊടുങ്ങല്ലൂർ കാവിലെ കോഴിക്കല്ല്, തവിട്ടുമുത്തി, വസൂരിമാല പ്രതിഷ്ഠ എന്നിവയുടെ ചരിത്ര-സാംസ്ക്കാരിക പശ്ചാത്തലം നേരിട്ട് മനസ്സിലാക്കാനായിരുന്നു ശ്രമമെന്നും പറഞ്ഞു. എന്നാൽ “ജനം ടി.വി.” എന്ന ചാനലിൽ കൊടുങ്ങല്ലൂർ ക്ഷേത്രദർശനം നടത്തിയെന്ന രീതിയിൽ ഒരു വാർത്ത വന്നു. കമ്മ്യൂണിസ്റ്റുകാർക്ക് ആരാധനാലയ സന്ദർശനം നിഷിദ്ധമാണെന്ന രീതിയിലാണ് അക്കാര്യം പ്രസിദ്ധപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു.