
പറശ്ശിനിക്കടവ് പാമ്പുവളർത്തുകേന്ദ്രത്തിലെ ‘റൂബി’ എന്ന പെരുമ്പാമ്പിന്റെ കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങി
പറശ്ശിനിക്കടവ് : എം.വി.ആർ. പാമ്പുവളർത്തുകേന്ദ്രത്തിലെ ‘റൂബി’ എന്ന പെരുമ്പാമ്പിന്റെ കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങി. ജൂൺ ആറിനാണ് റൂബിയുടെ 10 കുഞ്ഞുങ്ങൾ വിരിഞ്ഞത്. വിഷമില്ലാത്തവയാണ് പെരുമ്പാമ്പുകൾ. പൈത്തൺ മോളൂരസ് എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന ഇവയ്ക്കു ആറ് മീറ്റർ വരെ നീളവും 90 കിലോ വരെ ഭാരവുമുണ്ടാകാറുണ്ട്. ഏപ്രിൽ എട്ടിനിട്ട മുട്ടുകൾ 58 ദിവസങ്ങൾ കഴിഞ്ഞാണ് വിരിഞ്ഞത്. കുഞ്ഞുങ്ങൾ എല്ലാം പൂർണ ആരോഗ്യത്തോടു കൂടിയാണുള്ളത്. ശീതകാലമാണ് പെരുന്പാമ്പിന്റെ ശരിയായ പ്രജനനകാലഘട്ടം.പെരുമ്പാമ്പുകൾ അടയിരിക്കാറുണ്ടെങ്കിലും പാമ്പുവളർത്തുകേന്ദ്രത്തിൽ ഇവ പ്രത്യേകമായി വിരിയിച്ചെടുത്തവയാണ്. ഒരു തവണ എട്ടുമുതൽ നൂറുവരെ മുട്ടകൾ ഇടാറുണ്ട്. ഇപ്പോൾ വിരിഞ്ഞ കുഞ്ഞുങ്ങളെ ഒരാഴ്ചയ്ക്കുശേഷം സന്ദർശകർക്ക് കാണാനാകുമെന്ന് കേന്ദ്രം ഡയറക്ടർ പ്രൊഫ. ഇ. കുഞ്ഞിരാമൻ അറിയിച്ചു.