പറശ്ശിനിക്കടവ് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ ഗുഡ്സ് ഓട്ടോ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി
പറശ്ശിനിക്കടവ് : പറശ്ശിനിക്കടവ് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ ഗുഡ്സ് ഓട്ടോ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. പാനൂർ അരയാൽകുന്ന് സ്വദേശി കുനിയിൽ വാഴയിൽ കെ.വി. രമേശന്റെ (55) മൃതദേഹമാണ് ശനിയാഴ്ച രാവിലെ വളപട്ടണം പാലത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി ഗുഡ്സ് ഓട്ടോയിൽ പറശിനിക്കടവ് പാലത്തിന് സമീപം എത്തിയാണ് പുഴയിലേക്ക് ചാടിയതെന്ന് നാട്ടുകാർ പറയുന്നു.
ഗുഡ്സ് ഓട്ടോയും മൊബൈൽ ഫോണും റോഡരികിൽ കണ്ടതിനെ തുടർന്ന് ആളെ കാണാതായതോടെ നാട്ടുകാരാണ് വ്യാഴാഴ്ച ഉച്ചയോടെ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചത്. തുടർന്ന് രണ്ട് ദിവസങ്ങളിലായി തെരച്ചിൽ നടത്തിയിരുന്നെങ്കിലും ആളെ കണ്ടെത്തിയിരുന്നില്ല. തുടർന്ന് ശനിയാഴ്ച രാവിലെ വളപട്ടണം പാലത്തിന് സമീപത്ത് ഒരാളുടെ മൃതദേഹം കണ്ടതിനെ തുടർന്ന് നാട്ടുകാർ വളപട്ടണം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കളെത്തിയാണ് ആളെ തിരിച്ചറിഞ്ഞത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ:സിന്ധ്യ. മക്കൾ: അനാമിക, അസീജ, യദുദേവ്.