ഹോക്കിയിൽ മെഡൽ പ്രതീക്ഷകൾക്കു തിളക്കമേറ്റി; ഒളിംപിക് വേദിയിൽ ഓസീസിനെ വീഴ്ത്തി ഇന്ത്യ
പാരിസ് : ഹോക്കിയിൽ മെഡൽ പ്രതീക്ഷകൾക്കു തിളക്കമേറ്റി തകർപ്പൻ വിജയത്തോടെ ഇന്ത്യ ക്വാർട്ടർ ഫൈനലിലേക്ക്. മുന്നിൽനിന്നു നയിച്ച ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് ഇരട്ടഗോൾ നേടിയ മത്സരത്തിൽ കരുത്തരായ ഓസ്ട്രേലിയയെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ഇന്ത്യ വീഴ്ത്തിയത്. ഇന്ത്യയ്ക്കായി ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങിന്റെ ഇരട്ടഗോളിനു പുറമേ, അഭിഷേകും ലക്ഷ്യം കണ്ടു. ഓസീസിന്റെ ആശ്വാസ ഗോളുകൾ രണ്ടാം ക്വാർട്ടറിൽ തോമസ് ക്രെയ്ഗും അവസാന ക്വാർട്ടറിൽ ബ്ലേക് ഗോവേഴ്സും നേടി. ഇതോടെ പാരിസ് ഒളിംപിക്സിൽ ഗോൾ നേടുന്ന ഏഴാമത്തെ ഓസീസ് താരമായി ക്രെയ്ഗ്. അതേസമയം, 52 വർഷത്തിനിടെ ആദ്യമായാണ് ഇന്ത്യൻ പുരുഷ ഹോക്കി ടീം ഒളിംപിക്സിൽ ഓസീസിനെ തോൽപ്പിക്കുന്നത്.
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലാണ് ലോക റാങ്കിങ്ങിൽ നാലാം സ്ഥാനക്കാരായ ഓസീസിനെ ഇന്ത്യ വീഴ്ത്തിയത്. റാങ്കിങ്ങിൽ ഏഴാം സ്ഥാനക്കാരാണ് ഇന്ത്യ. ആദ്യ 3 മത്സരങ്ങളിലായി 2 ജയവും ഒരു സമനിലയും നേടി ക്വാർട്ടർ ഉറപ്പിച്ചിരുന്ന ഇന്ത്യയ്ക്ക്, ഈ വിജയത്തോടെ താരതമ്യേന ദുർബലരായ എതിരാളികളെ ലഭിക്കും. ആദ്യ മത്സരത്തിൽ 3–2ന് ന്യൂസീലൻഡിനെ വീഴ്ത്തിയ ഇന്ത്യ, രണ്ടാം മത്സരത്തിൽ അർജന്റീനയോട് 1–1ന് സമനില പിടിച്ചു. അടുത്ത മത്സരത്തിൽ അയർലൻഡിനെ 2–0ന് തോൽപ്പിച്ചതോടെ ക്വാർട്ടർ ഉറപ്പിച്ചു. ഒന്നാം റാങ്കുകാരും നിലവിലെ ചാംപ്യൻമാരുമായ ബൽജിയത്തോടു മാത്രമാണ് ഇന്ത്യ തോറ്റത്. അവർക്കെതിരെ 1–0ന്റെ ലീഡ് നേടിയ ശേഷം രണ്ടു ഗോൾ വഴങ്ങിയാണ് ഇന്ത്യ തോൽവി വഴങ്ങിയത്.