മലയാളി താരം എസ്. ശ്രീജേഷിന്റെ തകർപ്പൻ പ്രകടനം; ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യ സെമിയിൽ
മലയാളി താരം എസ്. ശ്രീജേഷിന്റെ തകർപ്പൻ പ്രകടനത്തിന്റെ മികവിൽ ഒളിമ്പിക്സ് ഹോക്കിയിൽ ബ്രിട്ടനെ തോൽപിച്ച് ഇന്ത്യ സെമിയിൽ. നിശ്ചിത സമയത്ത് ഇരു ടീമും 1-1ന് സമനിലയിൽ പിരിഞ്ഞതോടെ ഷൂട്ടൗട്ടിലെത്തിയ മത്സരത്തിൽ 4-2നാണ് ഇന്ത്യ ജയിച്ചുകയറിയത്. നിശ്ചിത സമയത്ത് മിന്നിത്തിളങ്ങിയ ശ്രീജേഷ് ഷൂട്ടൗട്ടിൽ രണ്ട് സേവുകളുമായി മികവ് തുടരുകയായിരുന്നു.
ബ്രിട്ടീഷ് താരത്തിന്റെ മുഖത്ത് സ്റ്റിക്ക് തട്ടിച്ചതിന് പ്രതിരോധ താരം അമിത് റോഹിദാസ് രണ്ടാം ക്വാർട്ടറിന്റെ തുടക്കത്തിൽത്തന്നെ റെഡ് കാർഡ് വാങ്ങി പുറത്തായിരുന്നു. 22ാം മിനിറ്റിൽ ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങിലൂടെ ഇന്ത്യ ലീഡ് പിടിച്ചു. ഇന്ത്യക്കായി ഒളിമ്പിക്സിൽ താരത്തിന്റെ ഏഴാം ഗോളായിരുന്നു ഇത്. എന്നാൽ, ഗോളാഘോഷത്തിന് അധികം ആയുസുണ്ടായില്ല. ബ്രിട്ടനായി ലീ മോർട്ടൻ അഞ്ച് മിനിറ്റിനകം ഗോൾ തിരിച്ചടിച്ചു. തുടർന്ന് വിജയഗോളിനായുള്ള ഇരുനിരയുടെയും ശ്രമങ്ങൾ ഫലം കാണാതിരുന്നതോടെ മത്സരം ഷൂട്ടൗട്ടിലെത്തുകയായിരുന്നു.