വയനാട് ഉരുൾപൊട്ടലിൽ കണ്ടെത്തിയ തിരിച്ചറിയാൻ കഴിയാത്ത 27 മൃതദേഹങ്ങൾ ഉടൻ സംസ്ക്കരിക്കും
വയനാട് : മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരിൽ തിരിച്ചറിയാത്ത 27 പേരുടെ സംസ്കാരം ഉടൻ. പുത്തു മലയിൽ ഹാരിസൺ മലയാളം ലിമിറ്റഡ് സൗജന്യമായി വിട്ടു നൽകിയ 64 സെന്റ് സ്ഥലത്താണ് കുഴിമാടമൊരുക്കുന്നത് 2019ൽ ഉരുൾപൊട്ടലുണ്ടായ സ്ഥലം കൂടിയാണിവിടം. തിരിച്ചറിയാത്ത മൊത്തം 67 മൃതദേഹങ്ങളാണ് മേപ്പാടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നത്. ഇതിൽ അഞ്ച് മൃതദേഹങ്ങൾ കൽപറ്റ പൊതുശ്മശാനത്തിൽ ഇന്നലെ സംസ്കരിച്ചു. രണ്ടാം ഘട്ടമായാണ് 27 പേരുടെത് സംസ്കരിക്കുന്നത്.
മൃതദേഹങ്ങൾക്ക് പുറമെ കൈകാലുകൾ ഉൾപ്പെടെ അമ്പതിലധികം ശരീരഭാഗങ്ങൾക്കും പ്രത്യേകം കുഴി ഒരുക്കുന്നുണ്ട്. സർവമത പ്രാർഥനക്കു ശേഷമാണ് സംസ്കാരം. പ്രാർഥനക്കായി പ്രത്യേകം പന്തലും ഒരുക്കിയിട്ടുണ്ട്. ചാലിയാറിൽ നിന്ന് ആകെ ലഭിച്ച മൃതദേഹങ്ങൾ 73 ഉം ശരീര ഭാഗങ്ങൾ 132 ഉ മായി ഉയർന്നു. 37 പുരുഷന്മാരുടെയും 29 സ്ത്രീകളുടെയും 3 ആൺകുട്ടികളുടെയും 4 പെൺകുട്ടികളുടെയും മൃതദേഹങ്ങളാണ് ലഭിച്ചത്. ഇതുവരെ 198 മൃതദേഹ ങ്ങളുടെയും അവശിഷ്ടങ്ങ ളുടെയും പോസ്റ്റ് മോർട്ടം പൂർത്തിയായി. 195 എണ്ണം വയനാട്ടിലേക്ക് കൊണ്ട് പോകുകയും മൂന്നെണ്ണം ബന്ധുക്കൾ ഏറ്റെടുക്കുകയും ചെയ്തു. മൂന്ന് സംഘങ്ങളായാണ് ചാലിയാറിലെ തിരച്ചിൽ തുടരുന്നത്. സൂചിപ്പാറ വെള്ളച്ചാട്ടം, മുണ്ടേരി, വാങ്ങിയമ്പുഴ മേഖലകൾ കേന്ദ്രീകരിച്ചാണ് തിരച്ചിൽ നടക്കുന്നത്.