പയ്യന്നൂരിൽ നിയന്ത്രണം വിട്ട വാഹനം പാഞ്ഞുകയറി; തൊഴിലുറപ്പിന് പോയ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
കണ്ണൂര്‍ : പയ്യന്നൂരിൽ തൊഴിലുറപ്പിന് പോയ സ്ത്രീകളുടെ ദേഹത്തേക്ക് നിയന്ത്രണം വിട്ട വാഹനം പാഞ്ഞുകയറി രണ്ട് മരണം. രാമന്തളിയിലെ ടിവി യശോദ (68), കല്ലേറ്റുംകടവിലെ പിവി ശോഭ (46) എന്നിവരാണ് മരിച്ചത്. ഒരാളുടെ നില ഗുരുതരമാണ്. ബിപി ശ്രീലേഖ (49) ആണ് ഗുരുതരമായി പരിക്കേറ്റത്. രാമന്തളി കുരിശുമുക്കിൽ ഇന്ന് രാവിലെ 9:30 നാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ടാറ്റാ എയിസ് തൊഴിലുറപ്പ് ജോലിയിലേർപ്പെട്ട വരെ ഇടിച്ച് മറിയുകയായിരുന്നു. ഒരാൾ സംഭവ സ്ഥലത്തും. ഒരാൾ ആശുപത്രിയി ലേക്ക് പോകുന്ന വഴിയുമാണ് മരണപ്പെട്ടത്.
ഗുരുതരമായി പരിക്കേറ്റ ലേഖയെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. രാമന്തളി പഞ്ചായത്ത് അഞ്ചാം വാർഡിലെ തൊഴിലുറപ്പ് തതൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. 20 പേർ തൊഴിൽ സ്ഥലത്തേക്കു നടന്നു പോകവെയായിരുന്നു അപകടം. കുറേപ്പേർ തൊഴിൽസ്ഥലത്ത് എത്തി. പിന്നിലുണ്ടായിരുന്നവരുടെ ഇടയിലേക്കാണ് വാഹനം ഇടിച്ചു കയറിയത്. നിയന്ത്രംവിട്ട പിക്കപ്പ് ലോറി ആദ്യം റോഡരികിലെ മരത്തിൽ ഇടിക്കുകയും സമീപത്ത് ജോലി ചെയ്തിരുന്ന മൂന്ന് തൊഴിലാളികളുടെ ദേഹത്ത് കയറുകയുമായിരുന്നു. 20 പേരടങ്ങിയ തൊഴിലാളികളുടെ സംഘത്തില്‍ നിന്നും മൂന്ന് പേര് കുരിശുമുക്കില്‍ നിന്നും രാമന്തളി റോഡില്‍ കഴിഞ്ഞ ദിവസം ബാക്കിയായ പണി തീര്‍ക്കുന്നതിനായി പോകുന്നതിന് ഇടയിലാണ് അപകടത്തില്‍പ്പെട്ടത്. കുരിശുമുക്ക് ഏഴിമല ടോപ് റോഡില്‍ നിന്നും ഇറങ്ങി രാമന്തളി ഭാഗത്തേക്ക് ജില്ലിപൊടിയുമായി പോവുകയായിരുന്ന ഗുഡ്സ് വാഹനമാണ് നിയന്ത്രണം വിട്ട് മൂവരെയും ഇടിച്ച് തെറിപ്പിച്ച് മറിഞ്ഞത്. പി വി ശോഭ സംഭവ സ്ഥലത്തു വെച്ചും ടി വി യശോദ ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേയമാണ് മരിച്ചത്.