പയ്യന്നൂർ നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ വീടുകൾക്കടക്കം കനത്ത നാശം
പയ്യന്നൂർ : നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ വീടുകൾക്കടക്കം കനത്ത നാശം. ചൊവ്വാഴ്ച രാത്രി മുതൽ തുടരുന്ന ശക്തമായ കാറ്റിലും മഴയിലും തായിനേരിയിലെ കിഴക്കേവീട്ടിൽ രാധാകൃഷ്ണന്റെ വീടിന് മുകളിൽ തെങ്ങ് വീണു. തായിനേരിയിലെ ഉത്തമന്റെ വീട്ടിൽ വെള്ളം കയറി. കൊക്കാനിശ്ശേരിയിലെ പി.ഗംഗാധരൻ അടിയോടിയുടെ വീടിന് മുൻഭാഗത്തേക്ക് തെങ്ങ് പൊട്ടിവീണു. മണിയറയിലെ കുഞ്ഞിക്കണ്ണന്റെ വീടിന് മുകളിൽ മരം കടപുഴകി. മണിയറയിലെ തെക്കിനിയിൽ ബാലകൃഷ്ണന്റെ തൊഴുത്തിന് മുകളിൽ തേക്ക് മരം കടപുഴകി വീണു. മണിയറയിലെ കുണ്ടുവളപ്പിൽ നാരായണന്റെ അടുക്കളഭാഗത്ത് പ്ലാവും തേക്കുമരവുംപൊട്ടിവീണു. എല്ലാവരും വീട്ടിനകത്തായതിനാൽ വലിയ അപകടം ഒഴിവായി. കാനായി അണക്കെട്ടിലെ പാഞ്ചാലി കോരന്റെ വീടിന് മുകളിൽ പ്ലാവ് പൊട്ടിവീണു, തോട്ടംകടവ് അശോകന്റെ വീടിന് മുകളിൽ മരം വീണു. മണിയറയിലെ പാറോട്ടകത്ത് കുഞ്ഞാമിനയുടെ വീടിന് മുകളിൽ തേക്ക് മരം കടപുഴകി വീണു. കവ്വായിലെ കാവൂട്ടൻ രാധയുടെ വീടിന് മുകളിൽ തൊട്ടടുത്ത പറമ്പിലെ മരം പൊട്ടിവീണു. കോറോത്ത് കൊച്ച രാഘവന്റെ വീടിന് മരം പൊട്ടിവീണു. എവിടെയും ആളപായമൊന്നും ഉണ്ടായില്ല.