നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് മുന്നോടിയായി കണ്ണൂരിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ആവേശോജ്വല വരവേൽപ്പ്
കണ്ണൂർ : നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് മുന്നോടിയായി കണ്ണൂരിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ആവേശോജ്വല വരവേൽപ്പ്. പ്രിയനേതാവിനെ സ്വീകരിക്കാന്‍ കണ്ണൂർ വിമാനത്താവളം മുതൽ ധർമ്മടം വരെ നൂറ് കണക്കിനാളുകളാണ് കാത്തുനിന്നത്. വിമാനത്താവളത്തിൽ വന്നിറങ്ങിയ പിണറായിയെ മുദ്രാവാക്യം വിളികളോടെയാണ് പാർടി പ്രവർത്തകർ സ്വീകരിച്ചത്. വിമാനത്താവളത്തിൽ നിന്നുള്ള യാത്രയിൽ നിരവധി ബൈക്കുകളുടെയും കാറുകളുടെയും അകമ്പടിയോടെയായിരുന്നു പ്രവർത്തകർ മുഖ്യമന്ത്രിയെ അനുഗമിച്ചത്. റോഡിന്റെ ഇരുവശങ്ങളിലും അദ്ദേഹത്തെ കാണാൻ മണിക്കൂറുകൾക്ക് മുമ്പേ ജനങ്ങൾ തടിച്ചൂകൂടി.
ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതിനായി മുഖ്യമന്ത്രി പലയിടങ്ങളിലും വാഹനം നിർത്തി.അവർ സ്നേഹത്തോടെ നൽകിയ ഹാരങ്ങളും പൂച്ചെണ്ടുകളും ഏറ്റുവാങ്ങി. സ്ത്രീകളും കുട്ടികളും മുതിർന്നവരുമടക്കം വൻ ജനപങ്കാളിത്ത മാണ് ധർമടത്തേക്കു ള്ള യാത്രയിൽ ദൃശ്യമായത്. എയർപോർട്ട് മുതൽ ധർമ്മടം വരെയുള്ള ഓരോ സ്ഥലങ്ങളിലും പ്രവര്‍ത്തകരും അല്ലാത്തവരുമായരുടെ നീണ്ട നിരതന്നെയുണ്ടായി. വരാനിരിക്കുന്ന പോരാട്ടത്തിൽ ധർമ്മടം ഇടതുകോട്ടയായി തന്നെ തുടരുമെന്ന പ്രഖ്യാപനമായി സ്വീകരണം മാറി. മുഖ്യമന്ത്രിയുടെ വരവോടെ കേരളത്തിന്റെ പൊതുവികാരം അക്ഷരാര്‍ഥത്തില്‍ ധര്‍മ്മടത്ത് പ്രതിഫലിക്കുകായായിരുന്നു.