വ്യാജ വാർത്ത നൽകിയതുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്ക് സിപിഎം മുതിർന്ന നേതാവ് പി കെ ശ്രീമതിയുടെ വക്കീൽ നോട്ടീസ്
കണ്ണൂർ :തനിക്കെതിരെ വ്യാജ വാർത്ത നൽകിയതുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്ക് സിപിഎം മുതിർന്ന നേതാവ് പി കെ ശ്രീമതിയുടെ വക്കീൽ നോട്ടീസ്. ഒരു കോടി രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്. അഡ്വ. ബി പി ശശീന്ദ്രൻ മുഖേനയാണ് പി കെ ശ്രീമതി നോട്ടീസ് അയച്ചത്.നേരത്തെ ശ്രീമതിയുടെ പരാതിയിൽ പോലീസ് കേസെടുത്തിരുന്നു. കണ്ണൂർ റൂറൽ സൈബർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ബി എൻ എസ് 79, ഐ ടി ആക്ട് 120 (0), ഐ ടി ആക്ട് 66 (D) എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ജനം ടിവി, ജന്മഭൂമി, കർമ്മ ന്യൂസ്, ഡെയ്ലി ഹണ്ട്, ഭാരത് ലൈവ്, സുദിനം എന്നീമാധ്യമസ്ഥാപനങ്ങൾക്കെതിരെയാണ് കേസ്.കുന്നംകുളം മുൻ എം എൽ എയായിരുന്ന പി കെ കൃഷ്ണന്റെ ഭാര്യയെന്ന പേരിൽ ശ്രീമതി ഫാമിലി പെൻഷൻ വാങ്ങിയെന്നായിരുന്നു വ്യാജ വാർത്ത. സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഫോൺ / സോഷ്യൽ മീഡിയ വഴി വ്യക്തികൾക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കൽ, ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ച് വഞ്ചന നടത്തുക തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.