കണ്ണൂരിൽ പോക്സോ കേസിൽ മോട്ടിവേഷണൽ സ്പീക്കർ അറസ്റ്റിൽ
കണ്ണൂർ : പോക്സോ കേസിൽ മോട്ടിവേഷണൽ സ്പീക്കർ അറസ്റ്റിൽ. കണ്ണൂർ എടത്തൊട്ടി സ്വദേശി കുന്നത്ത് ഷാജുവിനെയാണ് മുഴക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. കൗൺസിലിങ്ങിനിടെ 17കാരിയോട് അപമര്യാദയായി പെരുമാറി എന്നാണ് പരാതി. നാലു മാസങ്ങൾക്കു മുൻപാണ് കേസിനാസ്പദമായ സംഭവം. പ്രിൻസിപ്പലായി വിരമിച്ച ശേഷം ഷാജു ഹയർ സെക്കൻഡറി വകുപ്പ് കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിങ് സംസ്ഥാന ഫാക്കൽറ്റി യായി പ്രവർത്തിച്ചുവരികയായിരുന്നു. വിദ്യാഭ്യാസ വകുപ്പിനു വേണ്ടി ബോധവൽക്കരണ ക്ലാസുകളും എടുത്തിരുന്നു. പതിനേഴുകാ രിയെ വീട്ടിലെത്തി പീഡിപ്പിച്ചുവെന്നാണ് പരാതി. ഇയാൾക്കെതിരെ മുൻപും ഇത്തരം പരാതി ഉയർന്നുവെന്ന് വിവരമുണ്ട്. സമൂഹ മാധ്യമങ്ങളിലും സ്ഥിരമായി മോട്ടിവേഷനൽ വിഡിയോകൾ ചെയ്തിരുന്നു. മാസ്റ്റർ ട്രെയിനർ എന്നാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. സൈക്കോളജിസ്റ്റ്, ഫിസിയോ തെറപ്പിസ്റ്റ്, ലൈഫ് സ്കിൽ ട്രെയ്നർ എന്നി നിലകളിലെല്ലാം പ്രവർത്തിച്ചിരുന്നു. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ ഷാജുവിനെ റിമാൻഡ് ചെയ്തു.