റോഡില്‍ കിടന്ന് ബഹളമുണ്ടാക്കിയതിന് കസ്റ്റഡിയിലെടുത്ത പ്രതി പോലീസുകാരന്റെ കൈ കടിച്ചുമുറിച്ചു
കൊച്ചി: റോഡില്‍ കിടന്ന് ബഹളമുണ്ടാക്കിയതിന് കസ്റ്റഡിയിലെടുത്ത പ്രതി പോലീസുകാരന്റെ കൈ കടിച്ചുമുറിച്ചു. കൊല്ലം ശാസ്താംകോട്ട വേങ്ങ നെടുംപുറത്ത്കിഴക്കാതിര് വീട്ടില്‍ മുഹമ്മദ് ഇഖ്ബാല്‍ (25) ആണ് പോലീസിന് നേരെ ക്രൂരമായ ആക്രമണം അഴിച്ചുവിട്ടത്. ആക്രമണത്തില്‍ എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ സി.പി.ഒയും ഡ്രൈവറുമായ അജിത് പോളിന് പരിക്കേറ്റു. സംഭവത്തെത്തുടര്‍ന്ന് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.തിങ്കളാഴ്ച രാത്രി 11 മണിയോടെ എറണാകുളം നോര്‍ത്ത് റെയില്‍വേ ഓവര്പാലത്തിന് സമീപമുള്ള നടപ്പാലത്തില്‍ വെച്ചാണ് ലഹരി ഉപയോഗിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്ന ഇഖ്ബാല്‍ പൊതുജന സമാധാനത്തിന് ഭംഗം വരുത്തി ബഹളമുണ്ടാക്കിയത്. പട്രോളിങ്ങിനിടെ നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പ്രതിയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. സ്റ്റേഷനിലെത്തിച്ച ശേഷവും അക്രമാസക്തനായ ഇയാള്‍ പോലീസുകാരെ പരസ്യമായി വെല്ലുവിളിക്കുകയും ക്രൂരമായി അസഭ്യവര്‍ഷം നടത്തുകയും ചെയ്തു. ‘ധൈര്യമുണ്ടെങ്കില്‍ എനിയ്ക്ക് എതിരെ കേസെടുക്ക് സാറേ… നിന്റെയൊക്കെ കൂടെ കാക്കിയിട്ടവന്മാര്ക്ക് ആര്‍ക്കെങ്കിലും ധൈര്യമുണ്ടോ…? വീഡിയോ എടുക്ക്, ധൈര്യമുണ്ടെങ്കില്‍ അപ് ലോഡ് ചെയ്യ് സാറെ…’ എന്നും ‘ഇതൊക്കെ പറയുന്ന എന്റെ പേര് മുഹമ്മദ് ഇഖ്ബാല്‍’ എന്നും അസഭ്യവര്ഷത്തിനിടെ സ്വയം പരിചയപ്പെടുത്തി ഇയാള്‍ പോലീസിനെ വെല്ലുവിളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.