സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; കണ്ണൂർ, കാസർകോട് ജില്ലകളില്‍ മഞ്ഞ അലർട്ട്
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യുന മർദ്ദം രൂപപ്പെട്ടതിന്റെ സ്വാധീന ഫലമായാണ് മഴ വീണ്ടും ശക്തമാകുന്നത്. അടുത്ത ഏഴു ദിവസം വരെ മഴ തുടരുമെന്നും കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം നടത്തരുതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. കേരള തീരത്തും ലക്ഷദ്വീപ് തീരത്തും ഇന്നു രാത്രി 11.30 വരെ 0.5 മുതല്‍ 1.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറില്‍ ആലപ്പുഴ, കണ്ണൂർ, കാസർകോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 20 കിലോമീറ്റർ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും മറ്റെല്ലാ ജില്ലകളിലും നേരിയ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.