ജൂലൈയിൽ സംസ്ഥാനത്ത് കൂടുതൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം : ജൂലൈയിൽ സംസ്ഥാനത്ത് കൂടുതൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഈ മാസത്തിലും പസഫിക്ക് സമുദ്രത്തിൽ എൻസോ പ്രതിഭാസവും ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ (ഐഒഡി) പ്രതിഭാസവും ന്യൂട്രൽ സ്ഥിതിയിൽ തുടരാനാണ് സാധ്യത. ജൂൺ മാസത്തിൽ കേരളത്തിൽ 25 ശതമാനം മഴയുടെ കുറവുണ്ടായിരുന്നു. ജൂണിൽ ശരാശരി 648.2 എംഎം മഴ ലഭിക്കേണ്ട സ്ഥാനത്ത് 489.2 എംഎം മഴ മാത്രമാണ് ലഭിച്ചത്. എങ്കിലും മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ മെച്ചപ്പെട്ട മഴ ലഭിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഏജൻസികൾ ഇത്തവണ ജൂണിൽ സാധാരണയിൽ കൂടുതൽ മഴ പ്രവചിച്ചിരുന്നെങ്കിലും പ്രതീക്ഷിച്ച പോലെ മഴ ലഭിച്ചില്ല.
കഴിഞ്ഞ വർഷം 60 ശതമാനം മഴക്കുറവ് ആയിരുന്നു. 1976-നും 1962-നും ശേഷം ഏറ്റവും കുറവ് മഴ ലഭിച്ച ജൂൺ മാസമായിരുന്നു 2023ലേത്. 30 ദിവസത്തിൽ ആറ് ദിവസം മാത്രമാണ് ഇത്തവണ സാധാരണയിൽ കൂടുതൽ മഴ ലഭിച്ചത്. എല്ലാ ജില്ലകളിലും ഇത്തവണയും സാധാരണയെക്കാൾ കുറവ് മഴയാണ് ലഭിച്ചത്. ജൂണിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കണ്ണൂരിലാണെങ്കിലും (757.5 എംഎം) സാധാരണ ഈ കാലയളവിൽ ലഭിക്കേണ്ട മഴയെക്കാൾ (879.1എംഎം)14 ശതമാനം കുറവ് മഴയാണ് ഇത്തവണ ലഭിച്ചത്. തൊട്ട് പിറകിൽ കാസർകോട് (748.3 എംഎം, 24 ശതമാനം കുറവ്) ജില്ലാണ്. ഏറ്റവും കുറവ് മഴ ലഭിച്ചത് തിരുവനന്തപുരം ( 289.3 എംഎം), കൊല്ലം ( 336.3 എംഎം) ജില്ലകളിലാണ്. ജൂൺ ആദ്യ പകുതിയിൽ കാലവർഷക്കാറ്റ് പൊതുവെ ദുർബലമായതാണ് മഴ കുറയാനുള്ള പ്രധാന കാരണം. കേരള തീരത്തും, തമിഴ്നാട് തീരത്തും ജൂലൈ മൂന്ന് രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കണം.