സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാദ്ധ്യത; തെക്കൻ, മദ്ധ്യ കേരളത്തിൽ കൂടുതൽ മഴ ലഭിച്ചേക്കും
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാദ്ധ്യത. തെക്കൻ, മദ്ധ്യ കേരളത്തിൽ കൂടുതൽ മഴ ലഭിച്ചേക്കും. മലയോര മേഖലകളിൽ ജാഗ്രത വേണം. എന്നാൽ ഒരു ജില്ലയിലും ഇന്ന് മഴ മുന്നറിയിപ്പ് ഇല്ല. ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 km വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ട്. വരും ദിവസങ്ങളിലും മഴ കനക്കും. നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റന്നാൾ പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.