സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ഇരട്ട ന്യൂനമർദത്തിൻ്റെ യും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലത്തില്‍ സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ വെള്ളിയാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും അറിയിപ്പുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടി ല്‍ ജലനിരപ്പ് വർധിച്ചതിനെത്തുടർന്ന് ഷട്ടറുകള്‍ ഉയർത്തിയ നിലയില്‍ തന്നെയാണ്. തെക്ക് കിഴക്കൻ അറബിക്കടലിലെ ശക്തികൂടിയ ന്യൂനമർദം വരും മണിക്കൂറുകളില്‍ തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. അറബിക്കടലില്‍ ഉയർന്ന ലെവലില്‍ കേരള തീരത്തിന് സമീപം ചക്രവാതചുഴിയും സ്ഥിതിചെയ്യുന്നുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്രന്യൂന മർദ സാധ്യതയും നിലനില്‍ക്കുന്നുണ്ട്.
ആൻഡമാൻ കടലിനും തെക്ക് കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതചുഴി വരും മണിക്കൂറുകളില്‍ തെക്ക് കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമർദമായി ശക്തി പ്രാപിക്കും. തുടർന്നുള്ള 48 മണിക്കൂറില്‍ തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കാനും സാധ്യത. അറബിക്കടല്‍ ന്യൂനമർദത്തില്‍ നിന്നും കേരള തീരത്തിനു സമീപം തെക്ക് കിഴക്കൻ അറബിക്കടലിനു മുകളിലൂടെ തെക്ക് കിഴക്കൻ ബംഗാള്‍ ഉള്‍ക്കടല്‍ വരെ ന്യൂനമർദ പാത്തിയും സ്ഥിതി ചെയ്യുന്നു. കേരളത്തില്‍ അടുത്ത 5 ദിവസം ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഒക്ടോബർ 20 മുതല്‍ 24 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും, ഒക്ടോബർ 22, 23, 24 തീയതികളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കുമാണ് സാധ്യത. അടുത്ത 5 ദിവസം ഇടി മിന്നലിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.