സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേർട്ട്, ആറിടത്ത് യെല്ലോ അലേർട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചൊവ്വാഴ്ച രാവിലെ കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളില്‍ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും 40 കിലോമീറ്റർ വരെ വേഗത്തില്‍ വീശിയേക്കാവുന്ന കാറ്റിനും സാധ്യത യുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേർട്ടും ആറിടത്ത് യെല്ലോ അലേർട്ടുമാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് യെല്ലോ അലേർട്ട് തെക്കൻ കേരളത്തിന് മുകളിലെ ചക്രവാതച്ചുഴി നാളയോടെ ലക്ഷദ്വീപിന് മുകളില്‍ ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്ന് വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചേക്കും. തെക്ക് പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടല്‍ മുതല്‍ ലക്ഷദ്വീപ് വരെയും തെക്കൻ കേരളം, തെക്കൻ തമിഴ്നാട് വഴി ന്യുനമർദ്ദ പാത്തിയും സ്ഥിതി ചെയ്യുന്നുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വെള്ളിയാഴ്ചവരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.