ഹരിയാനയിലെയും ജമ്മു കശ്മീരിലെയും നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലം ഇന്ന്
ഹരിയാന : ഹരിയാനയിലെയും ജമ്മു കശ്മീരിലെയും നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലം ഇന്ന് ഒക്ടോബർ 8-ന് പ്രഖ്യാപിക്കും. സർക്കാർ രൂപീകരണത്തിൽ ചില പ്രാദേശിക പാർട്ടികളും സ്വതന്ത്രരും നിർണായക പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഹരിയാനയും ജമ്മു കശ്മീരും ബൈപോളാർ മത്സരത്തിന് സാക്ഷ്യം വഹിക്കുന്നു. രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. ആദ്യഫല സൂചനകൾ മധ്യാഹ്നത്തോടെ ഉയർന്നുവരുമെന്ന് പ്രതീക്ഷിക്കുന്നു, ഉച്ചകഴിഞ്ഞ് ഫലങ്ങളുടെ വ്യക്തമായ സൂചന ലഭിക്കും. ജമ്മു കശ്മീരിൽ സെപ്തംബർ 18, 25, ഒക്ടോബർ 1 തീയതികളിൽ മൂന്ന് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടന്നപ്പോൾ ഹരിയാനയിൽ ഒക്ടോബർ 5ന് ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടന്നത്. ഹരിയാനയിലെ 90 സീറ്റിൽ 55 സീറ്റ് ഇന്ത്യാ കൂട്ടായ്മയ്ക്ക് ലഭിക്കുമെന്നാണ് എക്സിറ്റ് പോൾ പ്രവചനം. ലോക്സഭാ തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷമില്ലാതെ അധികാരത്തിൽ എത്തിയതിന് പിന്നാലെ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പിൽ തോൽവിയുണ്ടാകുന്നത് ദേശീയതലത്തിൽ ബിജെപിക്ക് തിരിച്ചടിയാകും. ഹരിയാനയിലെയും ജമ്മു–-കശ്മീരിലെയും തെരഞ്ഞെടുപ്പ് ഫലം ഈ വർഷം നടക്കാനിരിക്കുന്ന മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളെയും സ്വാധീനിക്കും.