സംസ്ഥാനത്ത് ഇന്ന് ഇടവിട്ട തോതിൽ നേരിയ മഴയ്ക്ക് സാധ്യത; ഒരിടത്തും അലേർട്ടുകളില്ല
തിരുവനന്തപുരം : തെക്കു പടിഞ്ഞാറൻ ഉത്തർ പ്രദേശിന് മുകളിൽ തീവ്രന്യൂനമർദ്ദം സ്ഥിതി ചെയ്യുന്ന സാഹചര്യം തുടരവെ സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ വരും മണിക്കൂറിൽ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഏഴ് ദിവസം മഴ തുടരുമെന്ന മുന്നറിയിപ്പാണുള്ളത്. നേരിയ – ഇടത്തരം മഴയ്ക്കാണ് സാധ്യതയുള്ളത്. മ്യാന്മറിനും ബംഗ്ലാദേശിനും മുകളിൽ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ തീരദേശ ബംഗ്ലാദേശിനും വടക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്ന് തീരദേശ പശ്ചിമ ബംഗാളിനും വടക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി തീവ്രന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്തെ മഴയുടെ ശക്തി കുറഞ്ഞു. തീവ്ര മഴ ഒരു ജില്ലയിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അതിനാൽ ഒരു ജില്ലകളിലും മഴ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല. ഒറ്റപ്പെട്ട മഴയാണ് എല്ലാ ജില്ലകളിലും ലഭിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മഴ ശക്തമായിരുന്നു മലയോര ജില്ലകളിൽ മഴയുടെ തീവ്രത കുറഞ്ഞു. ഒറ്റപ്പെട്ട മഴയാണ് ഇവിടെ ലഭിക്കുന്നത്. ഇന്ന് മധ്യ പടിഞ്ഞാറൻ അറബിക്കടലിന്റെ ഭാഗങ്ങൾ, അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ, തെക്കു പടിഞ്ഞാറൻ അറബിക്കടലിന്റെ വടക്കൻ ഭാഗങ്ങൾ, ശ്രീലങ്കൻ തീരം, തെക്കൻ ബംഗാൾ ഉൾക്കടലിന്റെ ഭാഗങ്ങൾ, മധ്യ ബംഗാൾ ഉൾക്കടലിന്റെ ഭാഗങ്ങൾ, വടക്കൻ ബംഗാൾ ഉൾക്കടലിന്റെ ഭാഗങ്ങൾ, എന്നിവിടങ്ങളിൽ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.