
സംസ്ഥാനത്ത് അതി തീവ്ര മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം : സംസ്ഥാനത്ത് അതി തീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാസർകോട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, തൃശൂർ, കണ്ണൂർ, മലപ്പുറം, എറണാകുളം ജില്ലകളിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി പ്രഖ്യാപിച്ചത്. യൂണിവേഴ്സിറ്റി പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. കാസർകോട് ജില്ലയിൽ സ്കൂളുകൾക്കും അങ്കണവാടികൾക്കും മദ്രസകൾക്കും ഇന്ന് അവധിയായിരിക്കും.
കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. വടക്കൻ കേരള തീരം മുതൽ ഗുജറാത്ത് തീരം വരെയായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നുണ്ടെന്ന് സമുദ്രപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. പശ്ചിമ ബംഗാളിനും, ഝാർഖണ്ഡിനും ഒഡീഷക്കും മുകളിലായി ചക്രവാതച്ചുഴിയുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ പെയ്യുന്നത്.