കാസര്‍കോട്ട് രണ്ടാമൂഴത്തിലും കരുത്ത് തെളിയിച്ച് രാജ്മോഹന്‍ ഉണ്ണിത്താൻ
കാസര്‍കോട്ട് : കാസര്‍കോട്ട് രണ്ടാം തവണയും വിജയക്കൊടി പാറിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എം.വി. ബാലകൃഷ്ണനെ 85,117 വോട്ടിന് പരാജയപ്പെടുത്തിയാണ് രാജ്മോഹന്‍ ഉണ്ണിത്താന് രണ്ടാം വട്ടവും വിജയകിരീടം ചൂടിയത്. 2019-ല്‍ കാസര്‍കോട് മണ്ഡലത്തിലെ ഉണ്ണിത്താന്റെ കന്നിമത്സരത്തില്‍ 40,438 വോട്ടുകള്‍ക്കാണ് അദ്ദേഹം വിജയിച്ചത്. സി.പി.എം. നേതാവും മുന്‍ എം.എല്‍.എയുമായിരുന്ന കെ.പി. സതീഷ് ചന്ദ്രനായിരുന്നു അന്ന് എതിരാളി. കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ മണ്ഡലത്തില്‍ കാഴ്ച വെച്ച പ്രവര്‍ത്തനങ്ങളും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് ജനകീയ എം.പി. എന്ന ഖ്യാതി സമ്പാദിച്ചതുമാണ് 2019-ല്‍ ലഭിച്ചതിനെക്കാള്‍ നാല്‍പ്പതിനായിരത്തില്‍ അധികം ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ ഉണ്ണിത്താന് വിജയിച്ച് കയറാന്‍ സഹായിച്ചത്. രാജ്മോഹന്‍ ഉണ്ണിത്താന് 4,35,861 വോട്ടുകള്‍ നേടിയപ്പോള്‍ മുഖ്യ എതിരാളിയായ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയും സി.പി.എം. കാസര്‍കോട് ജില്ലാ സെക്രട്ടറിയുമായി എം.വി. ബാലകൃഷ്ണന് 3,50,744 വോട്ടുകളാണ് നേടിയത്. എന്‍.ഡി.എ. സ്ഥാനാര്‍ഥിയായ എം.എല്‍. അശ്വിനി 1,97,975 വോട്ടുകളും നേടി.