റൂഡ്സെറ്റ് ജില്ലാതല ഉപദേശക സമിതി യോഗം ചേര്‍ന്നു
കണ്ണൂർ:റൂറല്‍ ഡെവലപ്മെന്റ് ആന്റ് സെല്‍ഫ് എംപ്ലോയ്മെന്റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ജില്ലാതല ഉപദേശക സമിതിയുടെ ത്രൈമാസ അവലോകന യോഗം ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്നു. തളിപ്പറമ്പ് കാഞ്ഞിരങ്ങാട് പ്രവര്‍ത്തിക്കുന്ന റൂഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. ഇതിനകം ആയിരത്തിലേറെ പേര്‍ക്ക് സംരംഭകത്വ പരിശീലന ക്ലാസ് സംഘടിപ്പിച്ചതായി റൂഡ്സെറ്റ് അധികൃതര്‍ അറിയിച്ചു.ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശീലനത്തിനെത്തുന്നവര്‍ക്ക് സബ്സിഡി സ്കീമുകള്‍ പരിചയപ്പെടുത്തുകയും അവര്‍ക്ക് ബാങ്കുകളുടെ സഹായം ലഭിക്കുന്നതിനുള്ള ഇടപെടലുകള്‍ നടത്തുകയും ചെയ്തു.പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ പരിശീലനാര്‍ത്ഥികള്‍ക്ക് അവരവരുടെ ഇടങ്ങളില്‍ പരിശീലനം ലഭ്യമാക്കാന്‍ സാധിക്കുമോ എന്നത് പരിശോധിക്കണമെന്ന് നിര്‍ദ്ദേശിച്ചു.യോഗത്തില്‍ അസി. കലക്ടര്‍ എസ് സ്വാതി, എഡിഎം കെ ബാലഗോപാലന്, കനറാബാങ്ക് റീജ്യണല്‍ മാനേജര്‍ അന്‍ശുമാന്‍ ഡേ, റൂഡ്സെറ്റ് പ്രതിനിധികളായ എന്‍ അഭിലാഷ്, സി റോഷ്നി എന്നിവര്‍ പങ്കെടുത്തു.