ഇന്ന് ശിവരാത്രി; ബലിതർപ്പണത്തിന് ക്ഷേത്രക്കടവുകൾ ഒരുങ്ങി
കൊച്ചി : ശിവരാത്രി ബലിതർപ്പണത്തിനും ആഘോഷങ്ങൾക്കുമായി ആലുവ മണപ്പുറം, പാഴൂർ മണൽപ്പുറം, കാലടി, ചേലാമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം തുടങ്ങി പ്രധാന ക്ഷേത്രങ്ങളിൽ ഒരുക്കങ്ങളായി. ആലുവയിൽ ബുധൻ രാത്രി 10ന് ബലിതർപ്പണം ആരംഭിക്കും. വ്യാഴം രാവിലെയും തുടരും. ആലുവ അദ്വൈതാശ്രമത്തിലും തർപ്പണത്തിന് സൗകര്യമുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേക കടവ് ഇവിടെ ഒരുക്കിയിട്ടുണ്ട്. വൈകിട്ട് അഞ്ചിന് 102––ാമത് സർവമതസമ്മേളനം വ്യവസായമന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. ആറിന് ആലുവ അദ്വൈതാശ്രമത്തിൽ സർവമതസമ്മേളന ശതാബ്ദി സമ്മേളനത്തിന്റെ ഒരുവർഷത്തെ ആഘോഷങ്ങളുടെ സമാപനം മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ ആർ ശ്രീറാം ഉദ്ഘാടനം ചെയ്യും.
പിറവം പാഴൂരിൽ രാവിലെ 8.30ന് ശീവേലിക്ക് എഴുന്നള്ളിക്കും. വൈക്കം ഷാജിയുടെ പ്രമാണത്തിൽ നാദസ്വരവും ചേരാനല്ലൂർ ശങ്കരൻകുട്ടിമാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളവും അകമ്പടിയാകും. ചേലാമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ ബലിതർപ്പണത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 1000 പേർക്ക് ഓരേസമയം ബലിയിടാം. കാലടിയിൽ ശിവരാത്രി ആഘോഷച്ചടങ്ങുകൾ തുടക്കമായി. ചൊവ്വ വൈകിട്ട് സംഗീതസദസ്സ്, ഗാനമേള എന്നിവ അരങ്ങേറി. അർധരാത്രിമുതൽ ബലിതർപ്പണം തുടങ്ങും. വ്യാഴം വൈകിട്ട് 6.30ന് കൈകൊട്ടിക്കളി, ഗാനമേള എന്നിവയും ഉണ്ടാകും. ജില്ലയിൽ വിവിധ ക്ഷേത്രങ്ങളിലും ശിവരാത്രി ആഘോഷങ്ങളുണ്ടാകും. ബലിതർപ്പണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.