അന്തരിച്ച സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ഡൽഹി എയിംസിന് കൈമാറി
ന്യൂഡൽഹി : അന്തരിച്ച സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം വൈദ്യപഠനത്തിനായി ഡൽഹി എയിംസിന് കൈമാറി. ഡൽഹിയിലെ എകെജി ഭവനിൽ നിന്നും വൻ ജനാവലിയോടെ വിലാപയാത്രയായാണ് മൃതദേഹം എയിംസിൽ എത്തിച്ചത്. സിപിഐഎം പിബി അംഗങ്ങൾ മുതൽ ചെറുപ്പക്കാരുടെ അടക്കം വലിയ സംഘമാണ് വിലാപയാത്രയെ നയിച്ചത്. ഡൽഹി എയിംസ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന അദ്ദേഹത്തിന്റെ മൃതദേഹം ഇന്നലെ വൈകിട്ടാണ് കുടുംബവും മറ്റ് മുതിർന്ന നേതാക്കളും ഏറ്റവുവാങ്ങിയത്. തുടര്‍ന്ന് അദ്ദേഹം പഠിച്ച ജെഎന്‍യുവില്‍ പൊതുദര്‍ശനത്തിന് വെച്ചു. വികാരഭരിതമായ യാത്രയയപ്പാണ് പ്രിയ നേതാവിന് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ നല്‍കിയത്. തുടര്‍ന്ന് വൈകീട്ടോടെ വസന്ത്കുഞ്ചിലെ വീട്ടില്‍ ഭൗതിക ശരീരം എത്തിച്ചു. ഇന്ന് രാവിലെ മുതൽ ഡൽഹി എകെജി ഭവനിൽ പൊതുദർശനത്തിന് വെച്ചിരുന്നു. ആയിരങ്ങളാണ് അവിടെ തങ്ങളുടെ പ്രിയ സഖാവിനെ അവസാനമായി ഒരു നോക്കുകാണാനും ആദരമർപ്പിക്കാനും എത്തിയത്.
ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിയവെ ബുധനാഴ്ചയായിരുന്നു സീതാറാം യെച്ചൂരിയുടെ മരണം. മുഖ്യമന്ത്രി പിണറായി വിജയന്, കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി, എഐസിസി ട്രഷറര്‍ അജയ് മാക്കന്, പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍, ആംആദ്മി നേതാവ് മനീഷ് സിസോദിയ, കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ മാണി ഉള്‍പ്പെടെയുള്ളവര്‍ എകെജി സെന്ററിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. ഇതിന് ശേഷമായിരുന്നു ഡല്‍ഹി എയിംസിലേക്കുള്ള വിലാപയാത്ര. മുന്‍ സിപിഐഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്, എ വിജയരാഘവന് ഉള്‍പ്പെടെയുള്ളവര്‍ വിലാപയാത്രയെ അനുഗമിച്ചു.