സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു; എഴുപത്തിരണ്ട് വയസായിരുന്നു
ന്യൂഡൽഹി : സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു. ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ഡല്‍ഹി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്)ല്‍ തീവ്രപരിചരണവിഭാഗത്തില്‍ കഴിയുകയായിരുന്ന അദ്ദേഹം ഇന്ന് ഉച്ചതിരഞ്ഞ് മൂന്നരയോടെയാണ് വിട വാങ്ങിയത്. മുന്‍ രാജ്യസഭാംഗം കൂടിയായ യെച്ചൂരിയെ കടുത്ത പനിയും നെഞ്ചിലെ അണുബാധയെയും തുടര്‍ന്നു ഓഗസ്റ്റ് 19നാണ് എയിംസിലെ അത്യാഹിതവിഭാഗ ത്തില്‍ പ്രവേശിപ്പിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെങ്കിലും വീണ്ടും വഷളായി. തുടര്‍ന്ന് വെന്റിലേറ്റര്‍ സഹായത്തോടെ ഐസിയുവില്‍ തുടരുകയായിരുന്നു. ന്യുമോണിയ ബാധിച്ചതാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാക്കിയത്. അദ്ദേഹം അടുത്തിടെ തിമിരശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു. 1996ലെ ഐക്യമുന്നണി സര്‍ക്കാരിന്റെ പൊതു മിനിമം പരിപാടിയുടെ കരട് തയാറാക്കുന്നതിലും 2004ലെ യുപിഎ സര്‍ക്കാരിന്റെ രൂപീകരണത്ത് സഖ്യം കെട്ടിപ്പടുക്കുന്നതിലും നിര്‍ണാകയ പങ്ക് വഹിച്ചു. ആന്ധ്രാപ്രദേശിലെ കാക്കിനഡ സ്വദേശികളായ സര്‍വേശ്വര സോമയാജുല യെച്ചൂരിയുടെയും കല്പകം യെച്ചൂരിയുടെയും മകനായി 1952 ഓഗസ്റ്റ് 12ന് ചെന്നൈയിലായിരുന്നു സീതാറാം യെച്ചൂരിയുടെ ജനനം. ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട് കോര്‍പറേഷനില്‍ എന്‍ജിനിയറായിരുന്നു അച്ഛന്. അമ്മ സര്‍ക്കാര്‍ ഉദ്യോഗസ്ഥയും.